വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സൈബർ ഹാക്കർ സായ് ശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ് ശങ്കർ പറഞ്ഞു. കേസിൽ പോലീസ് പീഡനം ആരോപിച്ച് ഇയാൾ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു
ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യഹർജിയുമായി സായ് ശങ്കർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിച്ചതിന് എത്ര തുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താൻ ഹാക്കറുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങിയിട്ടുണ്ട്.
കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ സായ് സങ്കർ കഴിഞ്ഞതിന്റെ ബില്ലുകൾ പോലീസ് ശേഖരിച്ചു. 12,500 രൂപ ദിവസ വാടകയുള്ള മുറിയിലാണ് ഇയാൾ താമസിച്ചത്. ഉച്ചയൂണിന് മാത്രം ചെലവിട്ടത് 1700 രൂപയാണ്.
ഇതിനിടെ സായ് ശങ്കർ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് അന്വേഷണം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ കുറഞ്ഞ വിലക്ക് നൽകാമെന്ന് പറഞ്ഞ് മിൻഹാജ് എന്ന വ്യവസായിയിൽ നിന്ന് സായ് ശങ്കർ 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. സാധനം കിട്ടതായതോടെ പണം തിരികെ ചോദിച്ചു. ഇതോടെ സായ് ശങ്കർ വീഡിയോ കോൾ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.