2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈൻ യുദ്ധവുമൊക്കെ സാമ്പത്തിക രംഗത്തിന് ഏൽപ്പിച്ച ആഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്.
കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. ഈ മാറ്റം സമ്പദ് ഘടനയിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ധനമന്ത്രി പറഞ്ഞു. എങ്കിലും സാമ്പത്തിക മേഖലയിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ജി എസ് ടി വരുമാനം വർധിച്ചു. പ്രതിസന്ധികൾ വന്നാൽ ഒന്നിച്ച് നിന്ന് അതിനെ ചെറുക്കാനാകുമെന്ന് കേരളം തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ലോകമെമ്പാടുമുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ച് ആഗോള സമാധാന സമ്മേളനം വിളിച്ചു ചേർക്കാൻ 2000 കോടി മാറ്റിവെക്കുന്നതായി മന്ത്രി അറിയിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും 2000 കോടി മാറ്റിവെച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റത്തിനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ സർവകലാശാലാ ക്യാമ്പസുകൾക്ക് 20 കോടി രൂപ വീതം നൽകും. പുതിയ കോഴ്സുകൾ ആരംഭിക്കാൻ പ്രത്യേക പദ്ധതികൾ അവതരിപ്പിക്കും.