പ്രഭാത വാർത്തകൾ

 

🔳യുക്രെയിനെതിരേ ചെച്നിയന്‍ സൈന്യവും. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്തെന്ന് ചെച്നിയന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ഇതേസമയം, യുക്രെയിന് ആയുധങ്ങളുമായി ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രംഗത്ത്. യുക്രൈന്‍ സൈന്യത്തിന് ബെല്‍ജിയം 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിനു കൈമാറാന്‍ നെതര്‍ലാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

🔳കൂസാത്ത യുക്രെയിനെതിരേ ആക്രമണം രൂക്ഷമാക്കാന്‍ റഷ്യ സൈനികര്‍ക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാനാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബെലാറസില്‍ ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം യുക്രെയിന്‍ ഗൗനിക്കാത്തതിനാലാണ് ആക്രമണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

🔳രാജ്യം സ്വതന്ത്രമാവുന്നതുവരെ പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ല- സെലെന്‍സ്‌കി പോസ്റ്റ് ചെയ്തു.

🔳റഷ്യന്‍ അധിനിവേശത്തില്‍ സാധാരണ പൗരന്‍മാരുമായ 198 പേര്‍ കൊല്ലപ്പെട്ടെന്നു യുക്രൈന്‍. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റെന്നും യുക്രൈന്‍. റഷ്യ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും യുക്രൈന്‍ കുറ്റപ്പെടുത്തി. എന്നാല്‍ റഷ്യയുടെ മൂവായിരത്തിലേറെപേരെ വകവരുത്തിയെന്നാണ് യുക്രെയിന്റെ അവകാശവാദം. 1.20 ലക്ഷം യുക്രെയിന്‍ പൗരന്‍മാര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

🔳യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നു രാത്രിയോടെ അതിര്‍ത്തി അടയ്ക്കുമെന്നും യുക്രെയിന്‍ പ്രഖ്യാപിച്ചു. റഷ്യന്‍ പട്ടാളം നഗരവും ഭരണസിരാ കേന്ദ്രവും പിടിച്ചെടുക്കാന്‍ വന്‍ ആക്രമണം നടത്തുമെന്ന സംശയത്തോടെയാണ് പ്രത്യാക്രമണത്തിനു തയാറെടുത്തുകൊണ്ട് നിശാനിയമം പ്രഖ്യാപിച്ചത്. അതിര്‍ത്തി അടയ്ക്കുന്നതോടെ പൗരന്മാരെ മാത്രമേ രാജ്യത്തിനകത്തേക്കു പ്രവേശിപ്പിക്കൂവെന്ന് യുക്രെയിന്‍ അറിയിച്ചു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ടെലിഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്രസഭയിലും ഇന്ത്യയുടെ പിന്തുണ വേണമെന്ന് സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. ഇതേസമയം, യുഎന്‍ രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍നിന്ന് മാറിനിന്ന ഇന്ത്യയുടെ നിലപാടില്‍ റഷ്യ നന്ദി പ്രകടിപ്പിച്ചു.

🔳യുക്രൈനില്‍നിന്ന് റൊമേനിയന്‍ അതിര്‍ത്തി കടന്ന 27 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. മുംബെ മേയര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യുക്രൈന്‍ രക്ഷാദൗത്യത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പേര് നല്‍കിയത്. 29 മലയാളികള്‍ അടക്കം 251 യാത്രക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ ഇന്നു പുലര്‍ച്ചെ എത്തി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേര്‍ന്നു സ്വീകരിച്ചു.

🔳ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന നയ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ മാര്‍ച്ച് മാസത്തോടെ 800 കോടി ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ടിരിക്കേയാണ് വിദേശ നിക്ഷേപത്തിനും അനുമതി നല്‍കിയത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്.

🔳സംസ്ഥാനത്തെ റെയില്‍വേ വികസനത്തോടു കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷൊര്‍ണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും അവഗണനയാണ്. അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിക്കുന്നതിലും ഇതേ സമീപനമാണ് റെയില്‍വേക്കുള്ളത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരേ എംപിമാരെ ഇറക്കി കെ റെയില്‍ പദ്ധതിക്ക് അനുമതി വേഗത്തിലാക്കാനുള്ള സമ്മര്‍ദംകൂടിയാണ് ഈ നീക്കം.

🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ക്കു ചീഫ് സെക്രട്ടറി മറുപടി നല്‍കി. പെന്‍ഷന്‍ നല്‍കുന്നതിനെ ഗവര്‍ണര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഒരു മാസത്തിനകം പെന്‍ഷന്‍ വിതരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

🔳സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി എറണാകുളം. ഒന്നാം തീയതിയാണ് സമ്മേളനം ആരംഭിക്കുന്നത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല.

🔳നാലു കോടി രൂപയുടെ തിമിംഗല ചര്‍ദ്ദിയും മയക്കുമരുന്നുമായി സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. കഴക്കൂട്ടം സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്തുനിന്നാണ് പിടികൂടിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു കൈയിലുണ്ടായിരുന്ന മയക്കുമരുന്ന്.

🔳ആന്ധ്രപ്രദേശില്‍നിന്നു വില്പനക്കായി എത്തിച്ച 39 കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് പിടികൂടി. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൌസില്‍ നഹാസ് (37)നെയാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടില്‍നിന്നു കഞ്ചാവു സഹിതം പിടികൂടിയത്.

🔳തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയില്‍ വന്‍ തീപിടുത്തം. വൈകുന്നേരം ഏഴു മണിയോടെയാണ് തീപിടിച്ചത്. നാലു നിലകെട്ടിടത്തിലേക്ക് വേഗത്തില്‍ തീപിടരുകയായിരുന്നു. തീ ഫര്‍ഫോഴ്സ് അണച്ചു.

🔳കോട്ടയത്ത് പത്തൊമ്പതുകാരന്‍ ഷാന്‍ബാബുവിനെ കൊന്ന് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിട്ട കേസിലെ പ്രതി ജോമോനെതിരെ കാപ്പ ചുമത്തി. ഷാന്‍വധ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോമോന് കോടതി ജാമ്യം അനുവദിച്ചാലും ജയിലില്‍നിന്നു പുറത്തുവരാനാവില്ല.

🔳ഇന്ത്യയിലെ അനേകം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി യുക്രെയിന്‍ പോലുള്ള ചെറുരാജ്യങ്ങളിലേക്കു പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങണമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ഗുജറാത്തില്‍ കോണ്‍ഗ്രസിലെ കൗരവരുടെ പട്ടിക തയാറാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലിരുന്ന് ഒന്നും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുന്ന നേതാക്കളുടെ പട്ടിക തയാറാക്കണമെന്നാണ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബിജെപിയിലേക്കു പോകാന്‍ അവസരം കാത്തിരിക്കുന്നവരാണ് അവര്‍. രാഹുല്‍ പറഞ്ഞു.

🔳ബിഗ് ബസാര്‍ ഫ്യൂചര്‍ റീടെയില്‍ സ്റ്റോറുകള്‍ റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുത്തു. 24,713 കോടി രൂപയുടേതാണ് ഫ്യൂചര്‍- റിലയന്‍സ് ഇടപാട്. ആമസോണും ഫ്യൂചര്‍ റീടെയ്ലും തമ്മില്‍ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ നീക്കം. തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം നല്‍കുമെന്നു റിലയന്‍സ് ഉറപ്പ് നല്‍കി. അടുത്ത മാസാവസാനത്തോടെ കമ്പനിയെ റിലയന്‍സ് ഏറ്റെടുക്കും.

🔳യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ. കീവില്‍ ഫ്ളാറ്റ് സമുച്ചയത്തിനു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യയുടെ അവകാശവാദം. ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കീവിലെ അപ്പാര്‍ട്ട്മെന്റില്‍ പതിച്ചത് യുക്രൈന്‍ മിസൈലാണെന്നും റഷ്യ ആരോപിച്ചു.

🔳റഷ്യക്കെതിരേ സൈബര്‍ ആക്രമണം. സര്‍ക്കാരിന്റെ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഉള്‍പ്പെടെ ഏഴു വെബ് സൈറ്റുകളാണ് പ്രവര്‍ത്തനരഹിതമായത്.

🔳ടാങ്കുകളുമായി വരുന്ന റഷ്യന്‍ കരസേനയെ തടയാന്‍ സ്വയം ജീവന്‍ ബലിനല്‍കി യുക്രേനിയന്‍ പട്ടാളക്കാരന്‍. ക്രീമിയയെ യുക്രൈനുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ക്കുന്നതിനിടയിലാണ് പട്ടാളക്കാരനായ വിറ്റാലി സ്‌കാകുന്‍ വോളോഡിമിറോവിച്ച് ജീവന്‍ ബലിയര്‍പ്പിച്ചത്. റഷ്യന്‍ ടാങ്കുകള്‍ക്കു യുക്രെയിനിലേക്കു പ്രവേശിക്കാനുള്ള റോഡിലെ പാലമാണ് തകര്‍ത്തത്.

🔳യുക്രെയിനിലെത്തിയ റഷ്യന്‍ സൈനികരെ യുക്രെയിനിലെ ജനക്കൂട്ടം പിടികൂടി. റഷ്യന്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ തകര്‍ത്താണ് സൈനികരെ പിടികൂടിയത്. സൈന്യത്തിനുനേരെ ജനക്കൂട്ടം ആക്രോശിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

🔳യുക്രെയിനിലെ വനിതാ എംപി കിറ റുദിക് കലാഷ്നികോവ് റഷ്യന്‍ പട്ടാളത്തെ നേരിടാന്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലായി. പുരുഷന്മാരേപ്പോലെ വനിതകളും നമ്മുടെ മണ്ണിനെ സംരക്ഷിക്കുമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

🔳റഷ്യയുടെ കപ്പല്‍ ഫ്രാന്‍സ് തടഞ്ഞിട്ടു. ഇംഗ്ളീഷ് ചാനലിലൂടെ പോകുകയായിരുന്ന കപ്പലാണ് ഫ്രഞ്ച് നാവികസേന തടഞ്ഞത്.

🔳റഷ്യക്കെതിരേ സൈന്യ സന്നാഹവുമായി പോളണ്ട്. യുക്രെയിന്റെ അതിര്‍ത്തിയില്‍ പോളണ്ട് സൈന്യത്തിനൊപ്പം നാറ്റോ സേനയുമുണ്ട്. നാറ്റോ അംഗമായ പോളണ്ടിന്റെ മേഖലകളിലേക്കു റഷ്യയുടെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനാണ് സൈന്യം സജ്ജമായിരിക്കുന്നത്.

🔳യുക്രെയിനെ പിന്തുണച്ച് ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ട്വീറ്റ്. ധീരമായി പോരാടുന്ന യുക്രെയിനിലെ ജനങ്ങള്‍ക്കൊപ്പം എന്നാണ് അദ്ദേഹവും പത്നി കേറ്റും കുറിച്ചത്.

🔳ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ തിരിച്ചെത്തി. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ജയത്തോടെ 18 കളികളില്‍ നിന്ന് 30 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി.

🔳ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. രണ്ടാം മത്സരത്തില്‍ ലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 41,753 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 9 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 172 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 65,161 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7339 പേര്‍ രോഗമുക്തി നേടി. ഇതോടെ 32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63.

🔳രാജ്യത്ത് ഇന്നലെ 9,459 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 893, കര്‍ണാടക- 514, തമിഴ്നാട്-480.

🔳ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ 13,907, ബ്രസീല്‍ -72,856, റഷ്യ- 1,22,995, ജര്‍മനി – 1,29,360. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 43.44 കോടി പേര്‍ക്ക്. നിലവില്‍ 6.41 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,844 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.62 ലക്ഷമായി.

🔳വൊഡഫോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്റസ് ടവേഴ്സിന്റെ 4.7 ശതമാനം ഓഹരികള്‍ കൂടി ഭാരതി എയര്‍ടെലിനു വില്‍ക്കുന്നു. കിട്ടുന്ന പണം വൊഡഫോണ്‍ ഐഡിയ കമ്പനിയില്‍ നിക്ഷേപിക്കും. ഇന്റസ് ടവേര്‍സിന് വന്‍തുക വൊഡഫോണ്‍ ഐഡിയ നല്‍കാനുണ്ടായിരുന്നു. ജൂലൈ 15 നുള്ളില്‍ കുടിശിക നല്‍കാമെന്നാണ് ഇന്റസ് ടവേഴ്സിനെ അറിയിച്ചിരുന്നത്.

🔳രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധന അനുസരിച്ച് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏഴു മുതല്‍ 14 രൂപ വരെ വില കൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ സംഘര്‍ഷം ഇന്ത്യയ്ക്ക് ഒരു ലക്ഷം കോടിയുടെ അധിക ബാധ്യത ഉണ്ടാക്കിവയ്ക്കുമെന്നും എസ്ബിഐ ഇക്കണോമിക് വിങ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നികുതി ഘടനയും ബ്രെന്‍ഡ് ക്രൂഡിന്റെ വിലയിലെ വര്‍ധനയും കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഏഴു മുതല്‍ പതിനാലു രൂപ വരെ കൂട്ടേണ്ടിവരും. ക്രൂഡ് വില കുതിച്ചുയര്‍ന്ന് താഴ്ന്നെങ്കിലും രാജ്യത്ത് പണപ്പെരുപ്പത്തിന് അത് ഇടയാക്കുമെന്ന ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകള്‍ക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിബിഐ 5 ദ ബ്രെയ്ന്‍ എന്നാണ് സേതുരാമയ്യരുടെ അഞ്ചാം വരവിന്റെ പേര്. സൈനാ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.

🔳വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് വയനാട്ടില്‍ ആരംഭിച്ചു. അര്‍ഷ ബൈജു, റിയ സൈറ എന്നിവരാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, താര അമല ജോസഫ്, സുധി കോപ്പ, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, പ്രേം പ്രകാശ്, ജോര്‍ജ് കോര, അല്‍ത്താഫ് സലിം, ജിഷ്ണു മോഹന്‍, ആശ മഠത്തില്‍, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍. വിമല്‍ ഗോപാലനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക് ചേര്‍ന്നാണ് രചന.

🔳വാഹന ലോകത്തെ ബിഗ് ബി, ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍. മകന്‍ ജീന്‍ പോളിനൊപ്പമെത്തിയാണ് പുതിയ വാഹനം ലാല്‍ ഗാരിജിലെത്തിച്ചത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ലാല്‍ എക്സ് 7ന്റെ ഡീസല്‍ പതിപ്പായ 30 ഡിയുടെ ഡിപിഇ സിഗ്‌നേച്ചര്‍ എഡിഷന്‍ സ്വന്തമാക്കിയത്. ഏകദേശം 1.15 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വില 1.46 കോടി രൂപയാണ്. ഇന്ത്യയിലെ ആഡംബര എസ്യുവികള്‍ക്ക് പുതിയ മാനം നല്‍കിയ ബിഎംഡബ്ല്യു എക്സ് 7 രണ്ടു വര്‍ഷം മുന്‍പാണ് വിപണിയിലെത്തിയത്.

🔳തെക്കന്‍ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാല്‍ വളരെ രസകരമായ ശൈലിയില്‍ ‘അടി’ ഈ നോവലില്‍ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താര്‍ജ്ജിക്കലാണ് യഥാര്‍ത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു. ഡിസി ബുക്സ്. വില 135 രൂപ.

🔳ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ ചുമരുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് കൊറോണറി ആര്‍ട്ടറി ഡിസീസ് (സിവിഡി) ഇത് കാലക്രമേണ ധമനികള്‍ ചുരുങ്ങുകയും രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഉദാസീനമായ ജീവിതശൈലി, ഭക്ഷണക്രമം, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിങ്ങനെ പൊതുവായി അറിയപ്പെടുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീകളില്‍ സിവിഡിയുടെ ആദ്യകാല ആരംഭത്തിന് കാരണമാകുന്ന ചില ലിംഗപരമായ കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സിച്ചില്ലെങ്കില്‍, അവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിങ്ങള്‍ക്ക് വളരെക്കാലം രക്തസമ്മര്‍ദ്ദ പ്രശ്നങ്ങള്‍ ഉണ്ടാകാം, ഇത് പ്ലേറ്റ്‌ലെറ്റ് ഡിസോര്‍ഡേഴ്സിലേക്ക് നയിക്കുന്നു. ഈ ഘടകങ്ങളെല്ലാം സിവിഡി, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. ആദ്യകാല ആര്‍ത്തവവിരാമത്തോടൊപ്പം പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്) യും സ്ത്രീകളിലെ മറ്റ് ഹോര്‍മോണ്‍ പ്രശ്നങ്ങളും സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് 35-50 പ്രായപരിധിയിലുള്ളവരെ സിവിഡിയുടെ അപകടസാധ്യതയിലേക്ക് നയിക്കുന്നു. നല്ല തണുപ്പ് കാലത്ത് പോലും നന്നായി വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമായി വിദഗ്ധര്‍ കാണുന്നുണ്ട്. നിങ്ങളുടെ ധമനികള്‍ ബ്ലോക്കാകുമ്പോള്‍, രക്തം പമ്പ് ചെയ്യുന്നതിന് നിങ്ങളുടെ ഹൃദയത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നു.