ഫോൺ വിളിക്കുമ്പോഴുളള കൊവിഡ് സന്ദേശം അവസാനിപ്പിച്ച് ബിഎസ്എൻഎൽ

ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡിനെക്കുറിച്ചുളള ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബിഎസ്എൻഎൽ തീരുമാനിച്ചു. അടിയന്തര സന്ദർഭങ്ങളിലും, അപകടങ്ങളിലും കുടുങ്ങുന്നവർക്ക് ഫോൺ വിളിക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ബിഎസ്എൻഎൽ നടപടി.

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെളളപ്പൊക്ക, ഉരുൾപ്പൊട്ടൽ ഭീഷണി നിലനിന്ന സാഹചര്യത്തിൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അത്യാവശത്തിന് വിളിക്കുമ്പോൾ മിനിറ്റുകളോളം കൊവിഡ് സന്ദേശങ്ങളാണ് കേൾക്കുന്നത്. ആംബുലൻസ് സഹായം അഭ്യർത്ഥിച്ച് വിളിക്കുമ്പോഴും ആദ്യം ഇതാണ് കേൾക്കുക.

നടൻ ഷെയ്ൻ നീ​ഗം അടക്കമുളളവർ ഇതിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം ഉൾപ്പെടുത്തിയ കൊവിഡ് ബോധവത്കരണ സന്ദേശം പ്രത്യേക അനുമതി വാങ്ങിയാണ് ബിഎസ്എൻഎൽ ഒഴിവാക്കുന്നത്. അതേസമയം മറ്റ് നെറ്റ് വർക്ക് കമ്പനികൾ ഇതുവരെ ഇത്തരം സന്ദേശങ്ങൾ ഒഴിവാക്കിയിട്ടില്ല