കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണം: ബി.ജെ.പി.

കൽപ്പറ്റ: ആസ്പിരേഷൻ ജില്ലാ പദ്ധതി ഉൾപ്പടെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്ന് ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിൻ്റെ റവന്യൂ വരുമാനം വയനാട്ടിൽ തന്നെ ചിലവഴിക്കുന്നുണ്ടോ എന്ന് ബി.ജെ.പി കണക്കെടുപ്പ് നടത്തി കൊണ്ടിരിക്കുകയാണന്ന് ജില്ലാ പ്രസിഡണ്ട് കെ.പി. മധു പറഞ്ഞു. ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് ഓൺലൈൻ മീഡിയ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി എം.പി.ക്കെതിരെ ബി.ജെ.പി. നടത്തിയ ഒന്നാം ഘട്ട പ്രക്ഷോഭം വിജയമായിരുന്നു. രണ്ടാം ഘട്ടത്തിൽ മണ്ഡലം തലത്തിൽ എം.പി.യെ കുറ്റവിചാരണ ചെയ്യുന്ന പ്രക്ഷോഭം നടത്തും .ഇതിനായി കുറ്റപത്രം തയ്യാറാക്കും. ബി .ജെ.പി. സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും

കേരളത്തിൽ ഒരു ഭരണമുണ്ടന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. ഭരണകൂടം നിഷ്ക്രിയമാണന്നതിൻ്റെ തെളിവാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങൾ. പോലീസിനെ പോലും ആക്രമിക്കുന്ന തരത്തിലേക്ക് ഗുണ്ടാവിളയാട്ടം വളർന്നു.

ആസ്പിരേഷൻ ജില്ലാ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്നും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് മധു ആരോപിച്ചു.

വയനാട് ജില്ല രൂപീകരിച്ച് നാല്പത് വർഷം കഴിഞ്ഞിട്ടും വികസനത്തിൻ്റെ കാര്യത്തിൽ ജില്ലാ പിന്നോട്ടാണ്. വിനോദ സഞ്ചാരികൾ ഉൾപ്പടെ ജില്ലയിലെത്തുന്നവർക്ക് ഉപയോഗിക്കാൻ നല്ല റോഡ് പോലുമില്ല. അടിസ്ഥാന വികസന കാര്യത്തിൽ വയനാടിനോടുള്ള അവഗണനക്കെതിരെ ബി.ജെ.പി. ജനകീയ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി എം.വി. മോഹൻദാസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.