സിപിഐഎം മെഗാ തിരുവാതിര തൃശൂരിലും

 

സിപിഐഎം ജില്ല സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവാതിരയിൽ 80 പേർ പങ്കെടുത്തു. 21, 22, 23 തിയതികളിലാണ് സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്.

തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങൾ മുൻപാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിക്കുന്നത് വലിയ വിമർശനങ്ങൾക്കാകും വഴിയൊരുക്കുക

.ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 13നാണ് സിപിഐഎം തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 550 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തിരുവാതിര. സംഭവം വിവാദമായതിന് പിന്നാലെ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. കാണികളായി നിരവധി പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവർക്കെതിരെ കേസെടുത്തിട്ടില്ല.

തിരുവാതിര സംഘടിപ്പിച്ചവർക്കെതിരെ കോൺഗ്രസ് നേതാവ് എം മുനീർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരിപാടി കാണാനെത്തിയ മന്ത്രി വി ശിവൻകുട്ടി, പോളിറ്റ് ബ്യൂറോ അംഗം, എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേലാണ് കേസ്.