ധീരജിന്റെ കൊലപാതകം: സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവമെന്ന് ചെന്നിത്തല

എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ കെ സുധാകരനടക്കം അപലപിച്ചതാണ്. കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ തരംതാഴ്ന്ന നിലയിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു

സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരന്റെ വായ അടപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. എതിരാളികളെ കൊന്നുതള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണ് തങ്ങളൈന്ന് ബോധ്യത്തോടെ വേണം സുധാകരനെതിരായി പരാമർശങ്ങൾ നടത്താനെന്നും ചെന്നിത്തല പറഞ്ഞു.

ഇടുക്കിയിലെ കൊലപാതകം അപലപനീയമാണ്. പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എന്നാൽ കൊലപാതകത്തിന്റെ മറവിൽ കോൺഗ്രസ്-യുഡിഎഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് മാത്രമേ സഹായിക്കൂവെന്നും ചെന്നിത്തല പറഞ്ഞു.