ഒമിക്രോണ്‍ വ്യാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനൊരുങ്ങി സംസ്ഥാനങ്ങൾ

 

ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ അടച്ചിടാനൊരുങ്ങി സംസ്ഥാനങ്ങൾ. ബീഹാറിലും അസമിലും ഒഡീഷയിലുമാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍ ജനുവരി 30 വരെയും ഒഡീഷയില്‍ ഫെബ്രുവരി ഒന്ന് വരെയും സ്‌കൂളുകളും കോളേജുകളും അടച്ചിടും. രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

മുംബൈയില്‍ മാത്രം 20,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം. ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്. കേരള അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവെപ്പിന്റെ രേഖകളുമായി എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ.

അതേസമയം, സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ബാധിച്ചു.