🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു. പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന് ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന് നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന് ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്.
🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടുന്നു. പരാതിയുണ്ടെങ്കില്‍ ജനുവരി ഏഴിനു മുമ്പു ഫയല്‍ ചെയ്യണമെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി ആര്.വി. രവീന്ദ്രന് അധ്യക്ഷനായുള്ള മൂന്നംഗ സമിതി ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കായി ഫോണ്‍ കമ്മീഷനു കൈമാറേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു.
🔳കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് ഒപി ആരംഭിക്കും. അക്കാദമി ബ്ലോക്കില്‍ ജനറല്‍ മെഡിസിന്, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പ്രവര്‍ത്തിക്കുക. അത്യാവശ്യ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. കിടത്തി ചികിത്സ, സ്കാനിംഗ്, ശസ്ത്രക്രിയ തുടങ്ങിയവ ഇപ്പോഴില്ല.
🔳കേരളത്തില്‍ ഒരു വികസനവും പാടില്ലെന്നാണ് പ്രതിപക്ഷ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാന്‍ നീക്കം നടത്തുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നേത് കാലത്താണ് വികസനം വരികെയെന്നും അദ്ദേഹം ചോദിച്ചു.
🔳കേരളത്തില്‍ 45 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 152 ആയി. ഇന്നലെ എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
🔳മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വിഡി സതീശനു പേടിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയന് പാലും പഴവും കൊടുത്ത് വളര്‍ത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഈ പരാമര്‍ശം. ഡി-ലിറ്റ് ശുപാശ ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടെന്നും മുരളീധരന് പറഞ്ഞു.
🔳പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയി കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. പൊന്നാനി അഴീക്കല്‍ സ്വദേശികളായ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് ബേപ്പൂരിനടുത്തെ കടലില്‍ കണ്ടെത്തിയത്.
🔳കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനു കഴിയില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പി ടി തോമസ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മിക്കുന്ന വിക്രാന്ത് വിമാനവാഹിനി കപ്പല്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു സന്ദര്‍ശിച്ചു. 19,341 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനിയുടെ 76 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങളാണ്. രണ്ടായിരത്തോളം ഷിപ്പിയാര്‍ഡ് ജീവനക്കാരും 13,000 പുറം ജീവനക്കാരും വിമാനവാഹിനിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നുണ്ട്.
🔳കൊച്ചിയില്‍ നടന്ന കേരള ബാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഒരു വിഭാഗം അഭിഭാഷകര്‍ ഇറങ്ങിപ്പോയി. ഏഴര കോടി രൂപയുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍പോകരുതെന്ന ആവശ്യം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
🔳ഭാര്യ കേയ്ക്ക് മുഖത്തേക്ക് എറിഞ്ഞതിനു ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച മരുമകന് അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്. ആക്രമണത്തില്‍ പരിക്കേറ്റ മഹിജ (48) യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണങ്ങിപ്പോയ ഭാര്യക്കു നല്കിയ കേയ്ക്ക് ലിജിന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞതിന്റെ പ്രതികാരമായാണ് ഭാര്യാമാതാവിന്റൈ തലയ്ക്കടിച്ചത്.
🔳കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് മൊബൈല്‍ ഫോണില്‍ സ്ഥിരം വരുന്ന ഫോണ്‍ കോളുകളെക്കുറിച്ചുള്ള തര്‍ക്കം മൂലമാണെന്ന് പൊലീസ്. കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ ഇരുപത്തേഴു വയസുളള ജിന്‍സിയെയാണ് ഭര്‍ത്താവ് ദീപു വെട്ടി കൊലപ്പെടുത്തിയത്.
🔳കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐ ഷാജി പോലീസ് ഓഫീസേഴ്സ് അസോസിയേഷന് മുഖേന മുഖ്യമന്ത്രിക്കു പരാതി നല്കി. ബീച്ചിലേക്കു മദ്യം കൊണ്ടുപോകരുതെന്ന വിലക്ക് നടപ്പാക്കുകയാണു ചെയ്തതെന്നും വിദേശിയോടു മോശമായി സംസാരിച്ചിട്ടില്ലെന്നും നടപടികള്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ പറയുന്നു.
🔳പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കും. നാലു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മണിപ്പൂരില്‍ അയ്യായിരം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കും. 1,850 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ത്രിപുരയില്‍ വിമാനത്താവളം ടെര്‍മിനലിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.
🔳പ്രധാനമന്ത്രി നരേന്ദ്രമോദി ജിമ്മിലെത്തി വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങിനുശേഷം ജിംനേഷ്യം സന്ദര്‍ശിക്കവേയാണ് മോദി വ്യായാമം ചെയ്തത്.
🔳ഒമിക്രോണ്‍ വ്യാപന ഭീതിമൂലം സുപ്രീംകോടതി നടപടികള്‍ വീണ്ടും വെര്‍ച്വല്‍ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവര്‍ത്തനം വെര്‍ച്വലാക്കി.
🔳കൊവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും രൂക്ഷമായതിനാല്‍ പശ്ചിമ ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരേ ജോലിക്കു ഹാജരാകാവൂ. സര്‍ക്കാര്‍ യോഗങ്ങള്‍ വെര്‍ച്വലാക്കും. പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടും.
🔳ആഢംബര കപ്പല്‍ കോര്‍ഡീലിയ ഗോവ തുറമുഖത്ത് തടഞ്ഞിട്ടു. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണു കാരണം. രണ്ടായിരത്തോളം യാത്രക്കാരെയും ജിവനക്കാരേയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കുകയാണ്.
🔳കര്‍ണാടകയിലെ കോലാര്‍ ഗംഗനഹള്ളി ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ. 19 കുട്ടികളടക്കം 50 പേരെ ആശുപത്രിയിലാക്കി. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജയുടെ ഭാഗമായിട്ടായിരുന്നു പ്രസാദവിതരണം.
🔳കഴിഞ്ഞ വര്‍ഷം കുവൈറ്റ് നാടുകടത്തിയത് 18,221 പേരെ. ഇവരില്‍ 7,044 പേര് സ്ത്രീകളാണ്. നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാരുടെ കണക്ക് അഭ്യന്തര മന്ത്രാലയമാണു പുറത്തുവിട്ടത്.
🔳രണ്ടായിരം ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്നതായി കരുതുന്ന ദിനോസര്‍ കുടുംബത്തിലെ ജീവിയുടെ കാല്‍പ്പാടുകള്‍ സൗത്ത് വെയില്‍സില്‍ കണ്ടെത്തി. സോറാപോഡമോര്‍ഫമ എന്ന വിഭാഗത്തില്‍ പെടുന്ന ദിനോസറിന്റെ കാല്‍പാടാണു കണ്ടെത്തിയതെന്നാണ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം പാലിയന്റോളജിസ്റ്റുകള്‍ വിശ്വസിക്കുന്നത്.
🔳ദുബൈ ഗ്ലോബല്‍ വില്ലേജ് താല്‍ക്കാലികമായി അടച്ചു. പ്രതികൂല കാലാവസ്ഥയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും പരിഗണിച്ചാണ് നടപടി.
🔳ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിനു തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മതില് ചാടി ജനലിലൂടെ അകത്തു കടന്നാണ് നാല്പത്തെട്ടുകാരന് പാര്‍ലമെന്റ് മന്ദിരത്തിനു തീയിട്ടതെന്ന് പോലീസ്.
🔳ക്രിസ്മസ് ദിനത്തില്‍ സംഭവിച്ച സാങ്കേതിക പിഴവുമൂലം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് 1,300 കോടി രൂപയെത്തി. ലണ്ടനിലെ സാന്റന്‍ഡര്‍ യുകെ ബാങ്കിനാണ് അബദ്ധം പിണഞ്ഞത്. രണ്ടായിരത്തോളെ കോര്‍പറേറ്റ് കൊമേഴ്സ്യല്‍ അക്കൗണ്ടുകളിലേക്ക് നേരത്തെ നടത്തിയ 75,000 ഇടപാടുകള്‍ സാങ്കേതിക പിഴവുമൂലം ആവര്‍ത്തിക്കപ്പെടുകയായിരുന്നു.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടി. ജീക്സണ് സിംഗ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. ജോര്‍ഗെ ഒര്‍ട്ടിസ്, എഡു ബെഡിയ എന്നിവരുടെ വകയായിരുന്നു മറുപടി ഗോളുകള്‍. നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈയിന് എഫ്സിക്ക് ജയം. ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ലൂകാസ് ഗികീവിച്ചാണ് ഗോള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ജംഷഡ്പൂരായിരുന്നു മുമ്പില്‍. എന്നാല്‍ ഒരിക്കല്‍ പോലും വലകുലക്കാന്‍ അവര്‍ക്കായില്ല.
🔳പിഎസ്ജിയുടെ അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസിക്ക് കൊവിഡ്. ഫ്രഞ്ച് കപ്പിലെ പിഎസ്ജിയുടെ ഇന്നത്തെ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മെസി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
🔳ഇംഗ്ലീഷ് പ്രീമയിര്‍ ലീഗില്‍ ചെല്‍സി- ലിവര്‍പൂള്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ ബ്രന്റ്ഫോര്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റണ്‍ വില്ലയെ മറികടന്നു. അതേസമയം ബ്രൈറ്റണ് രണ്ടിനെതിരെ മൂന്ന് ഗോളിന് എവര്‍ട്ടണെ തോല്‍പ്പിച്ചു.
🔳കേരളത്തില്‍ ഇന്നലെ 50,180 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 66 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,113 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2595 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2606 പേര് രോഗമുക്തി നേടി. ഇതോടെ 19,021 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസര്‍ഗോഡ് 42.
🔳ആഗോളതലത്തില്‍ ഇന്നലെ എട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,08,634 പേരും ഫ്രാന്‍സില്‍ 58,432 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,37,583 പേര്‍ക്കും ഇറ്റലിയില്‍ 61,046 പേര്‍ക്കും തുര്‍ക്കിയില്‍ 33,520 പേര്‍ക്കും അര്‍ജന്റീനയില്‍ 20,502 പേര്‍ക്കും കാനഡയില്‍ 34,452 പേര്‍ക്കും ആസ്ട്രേലിയയില്‍ 32,222 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 29.04 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3.05 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 2,683 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 54 പേരും റഷ്യയില്‍ 811 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.59 ലക്ഷമായി.
🔳എട്ട് അടിസ്ഥാന വ്യവസായരംഗങ്ങള്‍ നവംബറില്‍ 3.1% വളര്‍ച്ച രേഖപ്പെടുത്തി. കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനറി ഉല്പന്നങ്ങള്, രാസവളം, ഉരുക്ക്, വൈദ്യുതി രംഗങ്ങള്‍ മുന്‍കൊല്ലം നവംബറിലെക്കാള്‍ മികച്ച വളര്‍ച്ച നേടി. ക്രൂഡ്ഓയില്‍, സിമന്റ് മേഖലകളില്‍ വളര്‍ച്ച ഉണ്ടായില്ല. ഒക്ടോബറില്‍ ഈ 8 വ്യവസായങ്ങള്‍ ആകെ 8.4% വളര്‍ച്ചയാണു രേഖപ്പെടുത്തിയിരുന്നത്. വ്യവസായ ഉല്പാദന സൂചികയില്‍ ഈ വ്യവസായങ്ങള്‍ക്ക് 40.27% വെയ്റ്റേജുണ്ട്.
🔳അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് ആദായ നികുതിവകുപ്പിന്റെ ഒരുക്കം. രണ്ട് പ്രമുഖ കമ്പനികള്‍ക്ക് 1,000 കോടി രൂപയുടെ പിഴ വിധിച്ചേക്കുമെന്ന സൂചനയാണ് നികുതിവകുപ്പ് നല്‍കിയത്. ഇവയുടെ പേര് നികുതിവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല; എന്നാല്‍, ഓപ്പോയും ഷവോമിയുമാണ് കമ്പനികളെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 സംസ്ഥാനങ്ങളിലായി ഇരു കമ്പനികള്‍ക്കുമുള്ള ഓഫീസുകളിലും ഫാക്ടറികളിലും നികുതിവകുപ്പ് കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു.
🔳സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയാകുന്നു. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്. ഖദീജ തന്നെയാണ് വിവാഹ നിശ്ചയ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ തിയതി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳മലയാളത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും ശ്രദ്ധേയമായ സിനമകളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന ‘മേപ്പടിയാന്’. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14ന് തിയറ്ററുകളില്‍ എത്തും. റിലീസിനോട് അനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദന് ഫാന്‍സ് ഒപ്പം ചേരും. മേപ്പടിയാന്റെ ട്രെയ്ലര്, പാട്ടുകള്‍ എല്‍ഇഡി വണ്ടിയില്‍ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം. ഈ റോഡ് ഷോയില്‍ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നുണ്ട്.
🔳ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് എത്തിയത്. ‘കലക്കാച്ചി’ എന്ന് പേരിട്ട സീരീസിന്റെ ആദ്യഭാഗം ഡിസംബര്‍ 25നും ജനുവരി ഒന്നിന് രണ്ടാം ഭാഗവും പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കരിക്ക് അവതരിപ്പിച്ച തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ് ഇതില്‍ പ്രധാനി. അര്ജുന് രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. നടി വിന്‍സി അലോഷ്യസും കലക്കാച്ചിയില്‍ കേന്ദ്ര കഥാപാത്രമാകുന്നുണ്ട്.
🔳2021 ഡിസംബറില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മൊത്തം 1,53,149 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയില്‍ ക്രമാനുഗതമായ വര്‍ധനവ് നിരീക്ഷിക്കുമ്പോള്‍, രാജ്യത്തെ ഒന്നാംനിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ 1,26,031 യൂണിറ്റുകള്‍ വിറ്റു. ആഗോള വിപണികളിലേക്ക് 22,280 യൂണിറ്റുകള്‍ കയറ്റി അയച്ചപ്പോള്‍ മാരുതി സുസുക്കി കഴിഞ്ഞ മാസം എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതി രേഖപ്പെടുത്തി. അതേസമയം, മറ്റ് ഒഇഎമ്മുകളിലേക്കുള്ള വില്‍പ്പന 4,838 യൂണിറ്റായി. മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ മുന്‍ മാസത്തെ ഏകദേശം 13 ശതമാനം ഇടിവുണ്ടായി.
🔳ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. വിധി കൗശലപൂര്‍വ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളില്‍ നിന്ന് ദൃഢനിശ്ചയത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും കരുത്തോടെ കരകയറി ജീവിതത്തിന്റെ അടര്‍ക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണിത്. ‘ഹൃദയജാലകം’. കലവൂര്‍ രവികുമാര്‍. ഗ്രീന്‍ ബുക്സ്. വില 255 രൂപ.
🔳ജീവിതത്തില്‍ ഒരു വ്യക്തിയ്ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് ശാന്തിയും സമാധാനവുമാണ്. ശാന്തമല്ലാത്ത മനസ് കാരണം ഒരുപാട് പ്രശ്നങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്നു. ഒരുപക്ഷേ നമ്മുടെ ചുറ്റുമുള്ളവരെയും അത് ബാധിച്ചേക്കാം. മാനസിക സംഘര്‍ഷം അകറ്റാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടത് അനിവാര്യമാണ്. സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളെ കണ്ടെത്തി കഴിവതും അതിനെ ഒഴിവാക്കുകയോ പരിഹരിക്കുകയോ ചെയ്യുക. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്ന ചിലരുണ്ട്. അത്തരക്കാര്‍ ദേഷ്യം ഒഴിവാക്കാന്‍ ശ്രമിക്കണം. പലപ്പോഴും മറ്റുള്ളവരുമായി പ്രശ്നങ്ങള്‍ പങ്കിടുന്നതിലൂടെ മനസിന് ആശ്വാസം ലഭിക്കും. ആരോഗ്യകരമായ ദിനചര്യയും ജീവിതരീതിയും മനസ് ശാന്തമാക്കാന്‍ സഹായിക്കും. പ്രിയപെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുക. ശരീരത്തിന്റെ ആരോഗ്യം പോലെത്തന്നെ മനസിന്റെയും ആരോഗ്യം പ്രധാനമാണ്. യാത്രകള്‍, പുസ്തക വായന, പൂന്തോട്ട പരിപാലനം, സിനിമ കാണുക, പാട്ടുകേള്‍ക്കുക തുടങ്ങി മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. നല്ല ഉറക്കം ലഭിക്കുന്നതും മനസികാരോഗ്യം നിലനിറുത്താന്‍ പ്രധാനമാണ്.
*ശുഭദിനം*
*കവിത കണ്ണന്*
ആ നാട്ടിലെ പണക്കാരനായ കച്ചവടക്കാരന്റെ മകനായിരുന്നു അവന്. ഒരു ദിവസം കൂട്ടുകാരനുമൊത്ത് നടക്കുമ്പോള്‍ വഴിയരികിള്‍ ഒരു സന്യാസിയെപോലെ ഒരാള്‍ വസ്ത്രം വില്‍ക്കുന്നത് കണ്ടു. കൂട്ടുകാരന് പറഞ്ഞു: അയാള്‍ വളരെ നല്ല മനുഷ്യനാണ്. ആരോടും ദേഷ്യപ്പെടുകയേ ഇല്ല. അതുകേട്ടപ്പോള്‍ അവന് ഒരു കുസൃതി തോന്നി. അവന് ആ വസ്ത്രവില്പനക്കാരന് അരികിലെത്തി. ഒരു വസ്ത്രം എടുത്തിട്ട് ചോദിച്ചു: ഇതിനെന്താ വില. രണ്ടു പണം. അയാള്‍ പറഞ്ഞു. അവന് ആ വസ്ത്രം രണ്ടായി കീറി. എന്നിട്ട് പറഞ്ഞു. എനിക്ക് ഈ പകുതി മതി. ഇതിനെന്താണ് വില. വ്യാപാരി പറഞ്ഞു: ഒരു പണം. അവന് വീണ്ടും തുണി കീറി. അതിനനുസരിച്ച് വ്യാപാരി പണം കുറച്ചുകൊണ്ടേ വന്നു. അവസാനം തുണി ചെറിയ കഷ്ണങ്ങളായി മാറി. അവന് പറഞ്ഞു. ഇനി ഇത് ഉപയോഗിക്കാന്‍ കൊള്ളുകയില്ല. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഇതിന്റെ പണം നല്‍കില്ല. വ്യാപാരി അത് സമ്മതിച്ചു. ശരിയാണ്. ഇനിയീ വസ്ത്രം ഉപയോഗിക്കാന്‍ കൊളളില്ല. നിങ്ങള്‍ ഇതിന്റെ വില തരേണ്ടതില്ല. ഇത് കേട്ടപ്പോള്‍ അവന് കുറ്റബോധമായി. അവന് പറഞ്ഞു: സാരമില്ല, ഞാനിതിന്റെ വില നിങ്ങള്‍ക്ക് തരാം. എന്നാല്‍ വ്യാപാരി അത് സ്വീകരിക്കാന്‍ തയ്യാറായില്ല. അയാള്‍ പറഞ്ഞു: എനിക്കാ പണം സ്വീകരിക്കാനാവില്ല. വാങ്ങുന്നവര്‍ക്ക് ഉപകാരപ്പെടുന്നില്ലെങ്കില്‍ അതിന്റെ വില വാങ്ങുന്നതിന് എന്തര്‍ത്ഥം? കുറെ പേരുടെ അധ്വാനമാണ് ഈ വസ്ത്രം. ആ അധ്വാനം മുഴുവന്‍ പാഴായി. ആ നഷ്ടം പണം കൊണ്ടു നികത്താന്‍ കഴിയില്ലല്ലോ? അവന് കരയാന്‍ തുടങ്ങി. അവന് വ്യാപാരിയോട് ക്ഷമചോദിച്ചു. വ്യാപാരി പറഞ്ഞു: ‘ ഞാന്‍ ഇതിന്റെ വില വാങ്ങിയിരുന്നെങ്കില്‍ നീ ഈ സംഭവം വൈകാതെ മറന്നുപോകും. പക്ഷെ, ഇപ്പോള്‍ നീ ഇത് ഒരു കാലത്തും മറക്കുകയില്ല.’ വൈകാതെ അവന് അയാളുടെ ശിഷ്യനായി മാറി. തിരുക്കുറള്‍ എന്ന മഹത്തായ കാവ്യം രചിച്ച തിരുവള്ളുവര്‍ ആയിരുന്നു ആ വ്യാപാരി. ജനനത്തിനും മരണത്തിനുമിടയിലെ വളരെ ചെറിയ കാലത്താണ് നാം ജീവിക്കുന്നത്. അടുത്ത നിമിഷം പോലും നാം ജീവിച്ചിരിക്കുമോ എന്ന ഉറപ്പില്ലായ്മയിലാണ് നമ്മുടെ ഓരോ നിമിഷവും കടന്നുപോകുന്നത്. ശ്വസിക്കുന്ന വായു നിശ്വസിക്കാനാകുമോ എന്ന ഉറപ്പ് പോലും നമുക്കില്ല. അങ്ങിനെയുള്ള ഈ ജീവിത്തില്‍ മറ്റുളളവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാനും നമ്മുടെ കഴിവനനുസരിച്ച് അവരെ സഹായിക്കാനും ചേര്‍ത്തുപിടിക്കാനും നമുക്ക് സാധിക്കട്ടെ