നടന്‍ ജി കെ പിളള അന്തരിച്ചു

നടന്‍ ജി കെ പിളള അന്തരിച്ചു. 97 വയസ്സായിരുന്നു. 325ലധികം സിനിമകളിൽ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, നായര് പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. സൈനികനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് നടനാവാന്‍ താത്പര്യമുണ്ടായിരുന്നു. 15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് സൈനിക ജീവിതത്തിന്റെ 13 ആം വർഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി. പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ പിള്ളയെ സിനിമയിലെത്തിച്ചത്.

1954 ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാൽ, കൂടപ്പിറപ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ് തുടങ്ങിയ സിനിമകളിൽ‌ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് ആദ്യ കാലത്ത് ജി.കെ പിള്ള ശ്രദ്ധേയനായത്.

അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ജി.കെ പിള്ള സിനിമയിലും സീരിയലുകളിലും സജീവമായി. 65 വര്‍ഷം അദ്ദേഹം അഭിനയ രംഗത്ത് തുടര്‍ന്നു.