കൂനൂരിൽ അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോൺ കോയമ്പത്തൂരിലെ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അപകടത്തെകുറിച്ചറിയുന്ന കൂടുതൽ പേരിൽനിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
മലയാളിയായ കോയമ്പത്തൂര്‍ തിരുവളളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ വൈ ജോയിയാണ് വീഡിയോ പകര്‍ത്തിയത്. ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കുന്നത്.
വീഡിയോ എടുത്ത ജോയിയും സുഹൃത്ത് എച്ച് നാസറും കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം തമിഴ്നാട് പൊലീസ് സംഘവും ഹെലികോപ്ടർ അപകടത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. അപകടം നടന്ന വനമേഖലയിൽ സ്‌പെഷൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് വ്യാപക തിരച്ചിൽ തുടങ്ങിയെന്ന് നീലഗിരി എസ്പി അറിയിച്ചു. പ്രദേശത്തെ ഹൈട്രാൻസ്മിഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചോയെന്നും പ്രദേശത്തെ അന്നത്തെ കാലാവസ്ഥയെ കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ച് തുടങ്ങി.