മഞ്ഞുകാലത്ത് ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ടത്

 

 

ഓരോ കാലാവസ്ഥയും മാറുന്നതിന് അനുസരിച്ച് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍  നമ്മെ അലട്ടാം. അത്തരത്തില്‍ മഞ്ഞുകാലത്ത്  ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രശ്‌നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത് ( Chapped Lips). എങ്ങനെയാണ് ഇതിന് പരിഹാരം കാണുക?

ചുണ്ടിലെ ചര്‍മ്മത്തില്‍ ‘ഓയില്‍’ ഗ്രന്ഥിയില്ല. അതിനാല്‍ തന്നെ ചുണ്ടില്‍ എണ്ണമയം എപ്പോഴും ഉണ്ടായിരിക്കുകയുമില്ല. തണുപ്പ് കാലം കൂടിയാകുമ്പോള്‍ ചുണ്ടിലെ തൊലി, വരണ്ടുപോവുകയാണ്. ഇത് പിന്നീട് പാളികളായി അടര്‍ന്നുവീഴുകയും ചെയ്യുന്നു.

കാലാവസ്ഥയ്ക്ക് പുറമെ വൈറ്റമിന്‍ കുറവ്, സോപ്പ്, പൗഡര്‍, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ മുഖേനയും ചുണ്ട് വരണ്ട് പൊട്ടാം. അതുപോലെ തന്നെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്തുന്നില്ലെങ്കിലും ചുണ്ട് ‘ഡ്രൈ’ ആകാം.

ചുണ്ട് പൊട്ടുന്നത് തടയാന്‍ ലിപ് ബാമുകള്‍ മഞ്ഞുകാലത്ത് പതിവാക്കാം. ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍
മഞ്ഞ് കാലത്ത് ഓയിലി ആയ ലിപ് സ്റ്റിക്കോ, ലിപ് ബാമോ ഉപയോഗിക്കണം. മാറ്റെ ലിപ്സ്റ്റിക്ക് കഴിവതും ഒഴിവാക്കുക. അതുപോലെ പൗഡര്‍ പോലുള്ള ഉത്പന്നങ്ങളും ചുണ്ടില്‍ പ്രയോഗിക്കേണ്ട. ലിപ്സ്റ്റിക്ക് നീക്കം ചെയ്യുമ്പോഴാകട്ടെ, ആലോവേറ അടങ്ങിയിട്ടുള്ള ക്ലെന്‍സിംഗ് ജെല്‍ ഉപയോഗിക്കാം.

രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ആല്‍മണ്ട് ക്രീമോ ആല്‍മണ്ട് ഓയിലോ ചുണ്ടില്‍ പുരട്ടാം. ഇതും ചുണ്ട് പൊട്ടുന്നത് തടയും.

കുളി കഴിഞ്ഞ ശേഷമോ മുഖം കഴുകിയ ശേഷമോ നേര്‍ത്ത ടവല്‍ കൊണ്ട് ചുണ്ടിലെ പഴയ തൊലിയുടെ അവശേഷിപ്പുകള്‍ കളയാം. പാല്‍പ്പാട തേക്കുന്നതും ചുണ്ടിന് വളരെ നല്ലതാണ്. ചുണ്ട് കറുക്കുന്നുണ്ടെങ്കില്‍ പാല്‍പ്പാടയില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് തേച്ചാല്‍ മതിയാകും. ഇത് ഒരു മണിക്കൂര്‍ മാത്രം വച്ചിരുന്നാല്‍ മതി.

എള്ളും തേനും അല്‍പം ആല്‍മണ്ട് ഓയിലും ചേര്‍ത്ത് ചുണ്ട് ഇടയ്ക്ക് സ്‌ക്രബ് ചെയ്യുന്നതും നല്ലത് തന്നെ. ആല്‍മണ്ട് ഓയില്‍ പോലെ തന്നെ വെളിച്ചെണ്ണ, ആര്‍ഗന്‍ ഓയില്‍ എന്നിവയും ചുണ്ടിന് നല്ലതാണ്. ഇവയെല്ലാം ചര്‍മ്മത്തിന് അവശ്യം വേണ്ട വൈറ്റമിനുകളാലും മറ്റും സമ്പന്നമാണ്. എല്ലാത്തിനും ഒപ്പം ആദ്യമേ സൂചിപ്പിച്ചത് പോലെ നല്ലത് പോലെ വെള്ളം കുടിക്കാനും ‘ബാലന്‍സ്ഡ്’ ആയ ഡയറ്റ് പാലിക്കാനും ശ്രമിക്കുക.