പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പൊലീസ് മര്‍ദ്ദനം

 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ എ.എ. അജ്മലിനെ പൊലീസ് മര്‍ദിച്ചതായി പരാതി. തന്നോട് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അജ്മല്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ആലുവ ബാങ്ക് കവലയില്‍ വച്ചായിരുന്നു സംഭവം. തൊടുപുഴ അല്‍ അസര്‍ കോളജില്‍ പ്രതിപക്ഷ നേതാവിന്റെ ‘മകള്‍ക്കൊപ്പം’ എന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം മൊഫിയ പര്‍വീണിന്റെ പിതാവ് ദില്‍ഷാദിനെ വീട്ടിലാക്കി മടങ്ങിവരുമ്പോഴായിരുന്നു അക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ് രാത്രി റോഡില്‍ നില്‍ക്കുകയായിരുന്നു അജ്മല്‍. ഈ സമയം പൊലീസ് എത്തി ചോദ്യം ചെയ്യുകയും, അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് മാറിയെങ്കിലും വീണ്ടും ഫോണ്‍ കോള്‍ വന്നപ്പോള്‍ വഴിയില്‍ നിന്ന് സംസാരിക്കുന്നതിനിടെയാണ് പൊലീസ് എത്തി മര്‍ദ്ദിച്ചതെന്ന് അജ്മല്‍ പറഞ്ഞു.

ഫോണ്‍ കോള്‍ വന്നത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗമാണെന്ന് അറിയിച്ചെങ്കിലും പൊലീസ് മര്‍ദ്ദനം തുടര്‍ന്നു. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതിനിടെ അവിടെ എത്തിയ പൊലീസ് പട്രോളിംഗ് സംഘത്തിലെ എഎസ്ഐയോട് തന്നെ മര്‍ദിച്ചുവെന്ന് പറഞ്ഞെങ്കിലും അദ്ദേഹവും മോശമായി പെരുമാറി. തന്നോട് സംസാരിച്ചതെല്ലാം എംഎല്‍എ ഫോണിലൂടെ കേട്ടിട്ടുണ്ട്. പൊലീസുകാര്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടിയെന്നും, മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും അജ്മല്‍ പറഞ്ഞു.

കൂടുതല്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇയാളെ ആലുവ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസ് രാഷ്ട്രീയ വിരോധം തീര്‍ത്തതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. മോഫിയ കേസില്‍ ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ അജ്മലും ഉണ്ടായിരുന്നു. ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.