പത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ്-ബി ജെ പി സംഘം ആസൂത്രിതമായി നടപ്പിലാക്കാക്കിയ കൊലപാതകമാണ്. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ദീപ് ജനകീയ നേതാവാണ്. പഞ്ചായത്ത് തിരിച്ചുപിടിക്കാൻ പ്രധാനപങ്കുവഹിച്ചു. കേരളത്തിൽ സിപിഐ എമ്മിനെ വകവരുത്താൻ ആർഎസ്എസ് ഇതിനുമുൻപും ശ്രമിച്ചിട്ടുണ്ട്. 2016ന് ശേഷം സിപിഐ എമ്മിന്റെ 20 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ 15 പേരെയും കൊലപ്പെടുത്തിയത് ആർഎസ്എസ് സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലപാതകങ്ങളിലൂടെ സി പി ഐ എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമം. കൊലയ്ക്ക് പകരം കൊല എന്നത് സിപിഐ എമ്മിന്റെ നയമല്ല. അക്രമികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
അതേസമയം സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയിലായെന്ന് പൊലീസ് അറിയിച്ചു. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളായ ജിഷ്ണു , നന്ദു , പ്രമോദ്,മുഹമ്മദ് ഫൈസൽ എന്നിവരെ ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു.