പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നതായി മജിഷ്യൻ ഗോപിനാഥ് മുതുകാട്

 

മജിഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് ഷോ നിർത്തുന്നു. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതമാണ് അവസാനിപ്പിക്കുന്നത്. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനിയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഒരുപാട് കാലം പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണമെന്നാണ് ഇനിയുള്ള സ്വപ്‌നമെന്നും മുതുകാട് പറഞ്ഞു.

45 വർഷത്തോളം പ്രൊഫഷണൽ മാജിക് ഷോ നടത്തി. അതിന് വേണ്ടി നിരന്തരം ഗവേഷണം നടത്തി. വിദേശത്ത് പോയപ്പോഴും മറ്റും പ്രൊഫഷണൽ മാജിക് ഷോയ്ക്ക് വേണ്ടി വാങ്ങിയ വിലപിടിപ്പുള്ള ലൈറ്റും സൗണ്ടുമെല്ലാം നാല് വർഷമായി പൊടിപിടിച്ച് കിടക്കുകയാണ്. ഇങ്ങനെയൊരു ഘട്ടത്തിലേക്ക് എത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.

കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. നൂറോളം പേരാണ് ഇവിടെയുള്ളത്. സ്വപ്‌നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്‌നം കാണണമെന്നും മുതുകാട് പറഞ്ഞു.