ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ അവരുടെ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവരവരുടെ മാതൃഭാഷയില്‍ സംസാരിക്കുന്നതില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കുക. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മാതൃഭാഷ നമ്മുടെ അഭിമാനമായിരിക്കണമെന്നും’, അമിത് ഷാ പറഞ്ഞു. മാതൃഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രാദേശിക ഭാഷകളുടെ സംരക്ഷണവും പ്രോത്സാഹനവുമാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കുട്ടികള്‍ക്കിടയില്‍ മാതൃഭാഷ പ്രോത്സാഹിപ്പിക്കണം. രാഷ്ട്രഭാഷയുടെ സംരക്ഷണവും ഇതോടൊപ്പം ലക്ഷ്യമിടുന്നു. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഔദ്യോഗിക ഭാഷയ്ക്കും മാതൃഭാഷയ്ക്കും പ്രത്യേകമായി ഊന്നല്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസനയം ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കും,’ അമിത് ഷാ പറഞ്ഞു.