കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. ഭീഷണിപ്പെടുത്തി പരാതി ഒതുക്കാന്‍ മോന്‍സന്റെ ജീവനക്കാര്‍ കുട്ടിയുടെ വീട്ടിലെത്തിയതിന്റെ തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. കുട്ടിയുടെ മാതാവാണ്പരാതി നല്‍കിയത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കലൂരിലെ രണ്ട് വീട്ടില്‍ വച്ച് നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന ആരോപണവും മോന്‍സനെതിരെയുണ്ട്.
ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. മോന്സന് പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാന്‍ ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു. പോക്സോ പരാതി നല്കുന്നതില് നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ഇതെന്നാണ് സൂചന. ഇക്കാര്യത്തിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.