ഇടവേളക്ക് ശേഷം പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭയില്‍

 

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇന്ന് നിയമസഭയിലെത്തി. എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്ത ആദ്യ സഭാസമ്മേളനത്തിനു ശേഷം ഇന്നാണ് പി.വി അൻവർ വീണ്ടും സഭയിൽ എത്തിയത്.

അവധി അപേക്ഷ പോലും നൽകാതെ പി.വി അൻവർ സഭയിൽ നിന്ന് തുടർച്ചയായി വിട്ടുനിൽക്കുന്നത് പ്രതിപക്ഷത്തിന്‍റെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പി.വി അൻവർ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു. താങ്കളുടെ നേതാവായ രാഹുൽ ഗാന്ധി ഇടക്കിടെ വിദേശത്ത് പോകുന്നതിനെക്കുറിച്ച് ആരെങ്കിലും അറിയാറുണ്ടോ എന്നായിരുന്നു അൻവറിന്‍റെ ചോദ്യം. ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിൽ ബിസിനസ് ആവശ്യങ്ങൾക്ക് പോയ അൻവർ കഴിഞ്ഞയാഴ്ചയാണ് കേരളത്തിൽ മടങ്ങിയെത്തിയത്. നാട്ടിലെത്തുന്നതിനു മുന്നോടിയായി ‘ഐ ആം ബാക്ക്’ എന്ന പോസ്റ്റും അന്‍വര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം പോലും വന്നില്ല. മൂന്നാം സമ്മേളനം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എം.എൽ.എ എത്തിയിരുന്നില്ല. ആകെ 29 ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് ദിവസങ്ങളിൽ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.