പ്രഭാത വാർത്തകൾ

 

പ്രഭാത വാർത്തകൾ

🔳ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏഴ് കോര്‍പ്പറേറ്റ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ 41 ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡുകള്‍ വിഭജിച്ച് രൂപം നല്‍കിയതാണ് ഇവ.

🔳ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമെന്ന് കേന്ദ്രം. സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. 107 രാജ്യങ്ങളുള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയില്‍ 101-ാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്. അടിസ്ഥാനപരമായ വസ്തുതകളെ കണക്കിലെടുക്കാതെ തയ്യാറാക്കിയ സൂചികയില്‍ തകരാറുകളുണ്ടെന്നും ഇവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

🔳ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാനിലെ സെല്ലുലാര്‍ ജയില്‍ സവര്‍ക്കര്‍ ‘തീര്‍ഥസ്ഥാന്‍’ ആക്കി മാറ്റിയെന്നും ഷാ പറഞ്ഞു. ആന്തമാന്‍-നിക്കോബാര്‍ ദ്വീപിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

🔳ബിജെപിക്ക് മഹാത്മാഗാന്ധിയേയോ സവര്‍ക്കറേയോ ഇതുവരെ മനസ്സിലായിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ശിവസേന സംഘടിപ്പിച്ച ദസറ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്‌നാഥ് സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ പ്രതികരണം.

🔳സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമര വേദിയിലെ പോലീസ് ബാരിക്കേഡില്‍ യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിഹംഗ് സംഘടനയായ നിര്‍വൈര്‍ ഖല്‍സ-ഉഡ്ന ദള്‍. തങ്ങളുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവന്‍ ബല്‍വിന്ദര്‍ സിങ് വ്യക്തമാക്കി. പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലെ ചീമാ കുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള 35-കാരനായ ലഖ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ വിശ്വാസത്തെ ആരെങ്കിലും അപഹസിച്ചാല്‍ അവരോട് ഈ രീതിയിലാകും പെരുമാറുകയെന്നും ഏതെങ്കിലും ഭരണകൂടത്തേയോ പോലീസിനെയോ സമീപിക്കില്ലെന്നും ബല്‍വിന്ദര്‍ സിങ്ങ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

🔳കര്‍ഷക സമരം നടക്കുന്ന ദില്ലി അതിര്‍ത്തിയിലെ സിംഗുവില്‍ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഹാങ്കുകള്‍ക്ക് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ഗൂഡാലോചന അന്വേഷിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

🔳മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ചിത്രം പുറത്തുവിട്ടതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിംഗിനെ കാണുന്ന ചിത്രം പുറത്ത് വന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചിത്രം പകര്‍ത്തരുതെന്ന് അമ്മ പറഞ്ഞതാണെന്നും അത് വകവെക്കാതെ മന്ത്രിയുടെ ഒപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയെന്നുമാണ് മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ധമാന്‍ സിങ് പറയുന്നത്. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്നും ധമാന്‍ സിങ് പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 16,003 കോവിഡ് രോഗികളില്‍ 8,867 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 163 മരണങ്ങളില്‍ 67 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1,95,206 സജീവരോഗികളില്‍ 94,820 രോഗികള്‍ കേരളത്തിലാണുള്ളത്.

🔳കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സിപിഎം. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ശുപാര്‍ശകള്‍ ഇല്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണം, അതാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നും വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

🔳കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കെ ബാബു എംഎല്‍എ പറഞ്ഞു. റിയാസിന്റെ പരാമര്‍ശം എംഎല്‍എമാര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്ന് കെ ബാബു വിമര്‍ശിച്ചു. കരാറുകാരെ കൂട്ടി ഏത് എംഎല്‍എയാണ് മന്ത്രിയെ സമീപിച്ചതെന്ന് വെളിപ്പെടുത്തണമെന്നും ബാബു ആവശ്യപ്പെട്ടു.

🔳കെപിസിസി പുനഃസംഘടനയില്‍ കെ സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിനെ അതൃപ്തിയറിയിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചു. പദവി ദുരുപയോഗം ചെയ്ത് പുനസംഘടനയില്‍ അനര്‍ഹമായ ഇടപെടല്‍ നടത്തുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും പുനഃസംഘടനയില്‍ കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആക്ഷേപം. പുനഃസംഘടനയില്‍ സാമുദായിക സമവാക്യം പാലിക്കുന്നില്ലെന്ന ആക്ഷേപവും ഇരുവരും ഹൈക്കമാന്‍ഡിനെ അറിയിക്കും.

🔳പേരാവൂര്‍ ചിട്ടി തട്ടിപ്പ് സംഭവത്തില്‍ പണം നഷ്ടപ്പെട്ടവരുടെ പ്രതിനിധികളുമായി സിപിഎം ജില്ലാ സെക്രട്ടറി ചര്‍ച്ച നടത്തി. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു എം വി ജയരാജന്റെ വീട്ടില്‍ വച്ചുള്ള കൂടിക്കാഴ്ച. നിക്ഷേപകരുടെ പണം തിരികെ കിട്ടാന്‍ ശ്രമം നടത്തുമെന്ന് ജയരാജന്‍ ഉറപ്പ് നല്‍കി. സൊസൈറ്റി കെട്ടിടം വിറ്റ് പണം തിരികെ നല്‍കാനാണ് ആലോചന. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎം അറിയിച്ചു.

🔳കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും. അന്വേഷണ സംഘം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രൂക്ഷമായ പരാതി ഉന്നയിച്ചിരുന്നു.

🔳കണ്ണൂര്‍ പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച കുട്ടിയുടെ അമ്മ സോന പറഞ്ഞു. ഭര്‍ത്താവ് ഷിനു ഒളിവിലാണ്. കുട്ടിയുടെ അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

🔳ഛത്തീസ്ഗഢിലെ ജയ്ഷ്പുര്‍ നഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ മരിച്ചു. 16 പേരുടെ നില അതീവഗുരുതരമാണ്. ദാരുണമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

🔳ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഝാന്‍സിയിലെ ചിര്‍ഗാവില്‍ ഇന്നലെയാണ് സംഭവം നടന്നത്.

🔳രാജിക്കത്ത് പിന്‍വലിച്ചതായി പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു രാഹുല്‍ഗാന്ധിയെ അറിയിച്ചു. പിസിസി അധ്യക്ഷനായി തുടരും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ആശങ്കകള്‍ രാഹുല്‍ഗാന്ധിയോട് പങ്കു വെച്ചതായും സിദ്ദു ദില്ലിയില്‍ പറഞ്ഞു. സിദ്ദു ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയതായി പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും വ്യക്തമാക്കി.

🔳ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച നയം മാറണമെന്ന ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിഎസ്പി. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് ശ്രദ്ധിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശമെന്നാണ് ബിഎസ്പി വക്താവ് സുധീന്ദ്ര ഭടോരിയ പ്രതികരിച്ചത്. പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യം., വിദ്യാഭ്യാസം തുടങ്ങിയ മേഖലകളേക്കുറിച്ച് പരിഗണിക്കാതെയാണ് ഇത്തരം പ്രസ്താവനകളെന്നും സുധീന്ദ്ര ആരോപിച്ചു.

🔳പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖാണ് സുരക്ഷാസേന വധിച്ചവരില്‍ ഒരാള്‍. നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സേന പറയുന്നത്.

🔳അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 40 അധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയില്‍ ആണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നുള്ള യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അമേരിക്ക. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കും. നവംബര്‍ എട്ടുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

🔳ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സ്(69) അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തിലുള്‍പ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് എംപിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ എംപിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔳നായകന്‍ എം.എസ് ധോനിയുടെ തൊപ്പിയില്‍ മറ്റൊരു ഐ.പി.എല്‍ കിരീടം കൂടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കിരീടപ്പോരാട്ടത്തില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ധോണിയുടെ നേതൃത്വത്തില്‍ കിരീടവുമായി തല ഉയര്‍ത്തിയാണ് ഇത്തവണ മടങ്ങുന്നത്. .

🔳ഐ.പി.എല്‍ 14-ാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഋതുരാജ് ഗെയ്ക്വാദിന്. 16 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 45.35 ശരാശരിയില്‍ 635 റണ്‍സ് നേടിയാണ് ഋതുരാജ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 79,554 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872 പേര്‍ രോഗമുക്തി നേടി. ഇതോടെ 94,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 44.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221.

🔳രാജ്യത്ത് ഇന്നലെ 16,003 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 17,868 പേര്‍ രോഗമുക്തി നേടി. മരണം 163. ഇതോടെ ആകെ മരണം 4,52,010 ആയി. ഇതുവരെ 3,40,52,687 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.95 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,149 പേര്‍ക്കും തമിഴ്നാട്ടില്‍ 1,245 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,04,604 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 74,366 പേര്‍ക്കും ഇംഗ്ലണ്ടില്‍ 44,932 പേര്‍ക്കും റഷ്യയില്‍ 32,196 പേര്‍ക്കും തുര്‍ക്കിയില്‍ 30,694 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.07 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.78 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,525 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,512 പേരും റഷ്യയില്‍ 998 പേരും മെക്സിക്കോയില്‍ 381 പേരും റൊമാനിയില്‍ 363 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.03 ലക്ഷം.

🔳ഉത്സവകാല സീസണ്‍ മുന്‍നിര്‍ത്തിക്കൊണ്ട് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വര്‍ണ വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. സ്വര്‍ണാഭരണങ്ങള്‍, സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പകളുടെ പലിശ നിരക്കില്‍ 1.45 ശതമാനം കുറവ് വരുത്തി. 6.60 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ഭവന വായ്പ ലഭ്യമാകും. കാര്‍ വായ്പ ആരംഭിക്കുന്നത് 7.15 ശതമാനം മുതലാണ്. വ്യക്തിഗത വായ്പകള്‍ 8.95 ശതമാനം പലിശ നിരക്ക് മുതലും ലഭ്യമാകും. ഭവന വായ്പകള്‍ക്കും വാഹന വായ്പകള്‍ക്കും സര്‍വീസ് ചാര്‍ജും പ്രൊസസിംഗ് ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.

🔳സീരീസ് ഇ-ഫണ്ടിങ്ങിലൂടെ 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിലൂടെ കാര്‍ദേഖോ യുണീക്കോണ്‍ കമ്പനികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. പ്രധാനമായും പഴയ കാറുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് കാര്‍ദേഖോ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ കാര്‍ദേഖോ വെബ്സൈറ്റ് ലഭ്യമാണ്. 200 മില്യണ്‍ ഡോളര്‍ സീരീസ് ഇ ഫണ്ടിങ്ങിലൂടെയും 50 മില്യണ്‍ ഡോളര്‍ പ്രീ-ഐപിഒ റൗണ്ടിലൂടെയുമാണ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 1.2 ബില്യണ്‍ ഡോളറിലെത്തി.

🔳ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ‘എലോണിന്റെ ആകാംക്ഷ ഉണര്‍ത്തുന്ന ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.

🔳രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്ത്. ഉത്സവത്തിമിര്‍പ്പിലുള്ള ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് ആരാധകരെ തൃപ്ത്തിപ്പെടുത്തുന്നതായിരിക്കും എന്നാണ് ടീസറില്‍ നിന്നുള്ള സൂചന. ഒന്നര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ രജനിയുടെ ആക്ഷന്‍ സീനുകളുമാണ് ഡയലോഗുകളുമാണ് ഹൈലൈറ്റ്. ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 4ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എസ്.പി ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഗാനം വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു. നയന്‍താര രജനിയുടെ നായികയായി എത്തുന്നു.

🔳ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍ എന്ന പതിനാലുകാരന്റെ ചെറുജീവചരിത്രം. ഓരോ ബാല്യവും ഒരു പ്രതിഭയാണ്, സ്വച്ഛന്ദം വിഹരിക്കുന്ന ബാലമനസ്സിന്റെ ചിറകുകള്‍ക്കുമേല്‍ ഭാരം കയറ്റിവയ്ക്കാതെ സ്വാതന്ത്ര്യത്തോടെ പറക്കാന്‍ അനുവദിക്കുകയാണെങ്കില്‍ അവര്‍ പറന്നെത്തുന്നത് അനന്തമായ ഉയരങ്ങളിലാകും എന്ന പാഠമാണ് ബാലനായ നിഹാല്‍ വായനക്കാര്‍ക്കു നല്‍കുന്നത്. ‘ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍’. ഒ.ഡി. വര്‍ക്കി. എച്ച് & സി ബുക്സ്. വില 100 രൂപ.

🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ മിഡ്-സൈസ് എസ്യുവിയായ ടൈഗൂണിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ വില 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ്. ഇപ്പോഴിതാ ഈ വാഹനം മാസ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഫോക്സ്വാഗണ്‍. മാസം 28,000 രൂപ മുതലുള്ള വാടക പാക്കേജുകളാണ് ലഭ്യമാകുക. 24, 36, 48 മാസത്തേക്കാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്.

🔳ബിപി, അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് ജീവന് തന്നെ ഭീഷണിയാകുന്ന അവസരങ്ങളുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇതുമൂലം സംഭവിക്കാം. അതിനാല്‍ തന്നെ ബിപി നിയന്ത്രണത്തിലാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ അപകടകരമാംവിധം ബിപി ഉയരുന്നത് തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. 120/80 എംഎം എച്ച്ജിയില്‍ കുറവാണ് ബിപി രേഖപ്പെടുത്തുന്നതെങ്കില്‍ അതില്‍ ഭയപ്പെടാനൊന്നുമില്ല. എന്നാല്‍ ഇതിന് മുകളിലേക്ക് റീഡിംഗ് പോവുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് ഈ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ചില രോഗികളില്‍ ബിപി അനിയന്ത്രിതമായി ഉയരുമ്പോള്‍ ശ്വാസതടസവും കണ്ടേക്കാം. ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദമേറുന്നതോടെയാണ് ശ്വാസതടസം നേരിടുന്നത്. നടക്കുമ്പോഴോ, എന്തെങ്കിലും ഭാരമുള്ളവ പൊക്കുമ്പോഴോ, പടികള്‍ കയറുമ്പോഴോ എല്ലാം ഇത് പ്രകടമാകാം. ഇവയ്‌ക്കൊപ്പം കഠിനമായ ഉത്കണ്ഠ, തലവേദന, തലകറക്കം എന്നിവയും ബിപി ഉയരുന്നതിന്റെ സൂചനയായി വരാം. ഇതിനൊപ്പം തന്നെ ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, ഉറക്കം എന്നിവയും ബിപിയുള്ളവര്‍ ഉറപ്പുവരുത്തണം. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കുറച്ച ഡയറ്റാണ് ബിപിയുള്ളവര്‍ക്ക് യോജിച്ചത്. ഉപ്പിന്റെ ഉപയോഗദം പാടെ ഒഴിവാക്കുകയോ, ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിക്കുകയോ ചെയ്യാം. മാനസിക സമ്മര്‍ദ്ദവും വലിയ തോതില്‍ ബിപി ഉയരുന്നതിന് കാരണമായി വരാറുണ്ട്. വീട്ടിലെ പ്രശ്‌നങ്ങളോ, ജോലിസംബന്ധമായ വിഷയങ്ങളോ എല്ലാമാകാം ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നില്‍. ഇവയില്‍ നിന്ന് ആശ്വാസം നേടാന്‍ വിനോദോപാധികള്‍, യോഗ, വ്യായാമം എന്നിങ്ങനെയുള്ള മാര്‍ഗങ്ങളും അവലംബിക്കാം.