വിവാദങ്ങള്‍ക്കിടെ പി വി അന്‍വര്‍ എംഎല്‍എ നാട്ടിലേക്ക് തിരിച്ചെത്തുന്നു

 

നിയമസഭയില്‍ പങ്കെടുക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ ഏറെ നാളുകള്‍ക്ക് ശേഷം പി വി അന്‍വര്‍ നാട്ടിലേക്ക്. ഇന്ന് രാത്രിയോടെ കേരളത്തിലെത്തുമെന്നാണ് അന്‍വറിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫേസ്ബുക്കിലും അന്‍വര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട് ഐആം ബാക്ക് എന്ന തലക്കെട്ടോടെയാണ് അന്‍വര്‍ ചെങ്കൊടി പശ്ചാത്തലത്തില്‍ വരുന്ന ഇന്നോവയുടെ ചിത്രമാണ് അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചുവന്ന ഹാരമണിയിക്കുന്ന കുഞ്ഞിന്റെ ചിത്രവും അന്‍വര്‍ പങ്കുവെച്ചിട്ടുണ്ട്.

ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടില്‍ നിന്നും പോവുന്ന പിവി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കില്‍ പണി മതിയാക്കി പോകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

പതിനഞ്ചാം കേരള നിയമസഭ 29 ദിവസങ്ങള്‍ ചേര്‍ന്നപ്പോള്‍ പി.വി അന്‍വര്‍ എം.എല്‍.എ അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു. ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവും ഉള്‍പ്പെടെ 29 ദിവസമാണ് ചേര്‍ന്നതെന്നും ഇതില്‍ ആദ്യ സമ്മേളനത്തിന്റെ അഞ്ച് ദിവസം മാത്രമാണ് എം.എല്‍.എ സഭയില്‍ ഹാജരായതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍ പി.വി അന്‍വര്‍ എം.എല്‍.എ സഭയില്‍ ഹാജരാകാതിരിക്കുവാന്‍ അവധി അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നു. പി.വി അന്‍വറിന്റെ അവധിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ നല്‍കിയ വിവരവകാശ ചോദ്യത്തിലാണ് നിയമസഭ സെക്രട്ടേറിയറ്റ് മറുപടി നല്‍കിയത്.

പി.വി അന്‍വര്‍ എം.എല്‍.എ പതിനഞ്ചാം കേരള നിയമസഭുയുടെ ഗവണ്‍മെന്റ് നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി എന്നീ നിയമസഭാ സമിതികളില്‍ അംഗമാണ്. പതിനഞ്ചാം കേരള നിയമസഭയുടെ ഗവണ്‍മെന്റ് നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി രണ്ട് യോഗങ്ങളും ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി മൂന്ന് യോഗങ്ങളും ഭക്ഷ്യ സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി യോഗങ്ങളും ചേര്‍ന്നപ്പോള്‍ ഇതില്‍ നിയമസഭാ സമിതികളുടെ ഒരു യോഗത്തിലും അന്‍വര്‍ പങ്കെടുത്തിട്ടില്ല.