ഇന്ത്യയിലെത്തിയിട്ട് പതിനാല് വര്‍ഷം; പിടിയിലായ മുഹമ്മദ് അഷ്റഫ് പാക് സ്ലീപ്പര്‍ സെല്ലുകളുടെ തലവന്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആയുധങ്ങളുമായി പിടിയിലായ പാകിസ്ഥാന്‍ പൗരന്‍ പാക് സ്ലീപ്പര്‍ സെല്ലുകളുടെ തലവനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പതിനാല് വര്‍ഷം മുന്‍പെത്തിയ ഇയാള്‍ അലി അഹമ്മദ് നൂറി എന്ന പേരിലാണ് താമസിച്ചിരുന്നത്.

മുഹമ്മദ് അഷ്റഫ് എന്നാണ് പിടിയിലായ നാല്‍പ്പത്കാരന്റെ യഥാര്‍ത്ഥ പേര്. കിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ നിന്നുമാണ് ഇയാളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. ഉത്സവ സീസണിനോടനുബന്ധിച്ച്‌ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ബോംബാക്രമണം പദ്ധതിയിട്ടിരുന്ന ഭീകരവാദ ബന്ധം സംശയിക്കപ്പെടുന്ന ആറ് പേരെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് മുഹമ്മദ് അഷ്റഫിലേക്കുള്ള വിവരം പൊലീസിന് കിട്ടിയതെന്നാണ് സൂചന.

ജമ്മു കാശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മുമ്പ് നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഡിസിപി പ്രമോദ് കുശ്വാഹ പറഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ഐഡികള്‍ ഉപയോഗിച്ചും പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും ഇയാള്‍ താമസസ്ഥലം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.

മുഹമ്മദ് അഷ്റഫിനെ ചോദ്യം ചെയ്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ് യമുന പ്രദേശത്ത് നടത്തിയ പരിശോധനയില്‍ എകെ 47 തോക്ക്, ഗ്രനേഡ്, എകെ 47 ന്റെ തിരകള്‍ രണ്ട് ചൈന നിര്‍മ്മിത പിസ്റ്റളുകള്‍ എന്നിവ കണ്ടെടുത്തു. വ്യാജ പാസ്‌പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ട്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ നഗരത്തിലെ ചന്ദര്‍ക്കെകാഞ്ഞൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്റഫ് ഭീകരാക്രമണങ്ങള്‍ക്കുള്ള ഐഎസ്‌ഐ പരിശീലനം ലഭിച്ചയാളാണെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിയാല്‍കോട്ടില്‍ വച്ച്‌ നസീര്‍ എന്ന പേരുള്ള പാകിസ്ഥാന്‍ ഐഎസ്‌ഐ ഏജന്റാണ് ഇയാളെ പരിശീലിപ്പിച്ചത്. പശ്ചിമ ബംഗാളിലെ സിലിഗുരി അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് ഇയാൾ പ്രവേശിച്ചത്.