ശക്തമായ മഴയില്‍ മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

ശക്തമായ മഴയില്‍ കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ഒന്‍പത് വയസ്സുള്ള റിസാനയും ഏഴ് മാസം പ്രായമുള്ള റിന്‍സാനയുമാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേകാലിനാണ് അപകടമുണ്ടായത്. കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന ബെഡ്‌റൂം തകര്‍ന്നു വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ല. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് റിസാനയും റിന്‍സാനയും.

മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു അവർ. അതിനിടെയാണ് അപകടമുണ്ടായത്. വീട്ടിലുള്ളവർ പ്രഭാത പ്രാർഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

അപകടം നടന്ന വീടിന്റെ മുകളിലുള്ള പറമ്പിൽ മറ്റൊരു വീടിന്റെ ജോലി നടക്കുന്നുണ്ട്. അവിടെ തറനിർമാണത്തിനായി എടുത്ത മണ്ണാണ് കനത്ത മഴയെത്തുടർന്ന് ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.