വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെ യായി ജയിലില്‍ കഴിയുകയാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. വിസ്മയ ടിക് ടോക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും വിസ്മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നുവെന്നും കിരണിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ അഭ്യര്‍ഥന.

സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കുരുക്കായത് കിരണ്‍ സ്ത്രീധനത്തിനായി വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. വാട്ട്‌സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ് പ്രധാന തെളിവായത്. ഈ വര്‍ഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്.