കൂട്ടായ പരിശ്രമത്തിലൂടെ കൊച്ചി നഗരത്തിലെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി പി. രാജീവ്. വികസന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി കൊച്ചി കോര്പ്പറേഷന് സംഘടിപ്പിച്ച ഭരണ, ഉദ്യോഗസ്ഥ, സംഘടന തല ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഹൈബി ഈഡന് എം.പി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ. ബാബു എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും കൊച്ചി നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. കൊച്ചിയുടെ വികസനത്തിനായി സ്ഥലമേറ്റെടുപ്പിന് പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്ന ടി.ജെ. വിനോദ് എംഎല്‍എയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ ഭരണസംവിധാനത്തിനു പുറമേ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കമ്പനി സെക്രട്ടറിമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ സവിശേഷമായ വൈദഗ്ധ്യത്തെ പൊതു കാഴ്ചപ്പാടിലേക്ക് കോര്‍ത്തിണക്കി വികസനം വേഗത്തിലാക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും. കൊച്ചിയുടെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ഫോര്‍ട്ടുകൊച്ചിയുടെ സവിശേഷമായ പ്രത്യേകതകള്‍ നിലനിര്‍ത്തി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
വികസന കാര്യത്തില്‍ പൊതുവായ സമവായമുണ്ടാക്കണം. രാഷ്ട്രീയപരമായ കാഴ്ചപ്പാടുകളുടെ പ്രശ്നം കൊണ്ടല്ല പിടിപ്പുകേടു കൊണ്ടാണ് കൊച്ചിയുടെ വികസനം ഇഴഞ്ഞു നീങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി വരികയാണ്. ഓരോ നിയോജകമണ്ഡലത്തിലെയും പ്രശ്നങ്ങള്‍ വിലയരുത്താനായി എംഎല്‍എമാരുടെ പ്രത്യേക യോഗം ചേരും. ബന്ധപ്പെട്ട വകുപ്പുകളുമായി അവലോകന യോഗം ചേര്‍ന്ന് കൃത്യമായ കലണ്ടര്‍ തയാറാക്കി കൊച്ചിയിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കും.
കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ സേവനങ്ങളും മൂന്നു മാസത്തിനകം ഓണ്‍ലൈനാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം കൊച്ചി നഗരത്തില്‍ മുഴുവന്‍ ഗ്യാസ് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക യോഗം ചേരും. പാലാരിവട്ടം ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ.
കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ച് സൗന്ദര്യവത്കരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലെ റോഡ് ശൃംഖല സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും. 1500 കോടി രൂപയുടെ കനാല്‍ നവീകരണ പദ്ധതിയും വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. തമ്മനം പുല്ലേപ്പടി റോഡ് യാഥാര്‍ഥ്യമാക്കും. വിശദമായ പദ്ധതി രേഖ മികച്ചതായി തയാറാക്കിയാലേ കിഫ്ബി വഴി പദ്ധതി നടപ്പാക്കാനാകൂ. തേവര പണ്ഡിറ്റ് കറുപ്പന് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും.
കക്ഷി രാഷ്ട്രീയത്തിനതീതമായി വികസന കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുകയെന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ പറഞ്ഞു. മുന്‍ ധനകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയുടെ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും ചര്‍ച്ച നടത്തി. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്ക് നിര്‍ണ്ണായക പങ്കാണുള്ളതെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. വാട്ടര്‍ മെട്രോ, മെട്രോ രണ്ടാം ഘട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. പൊന്നുരുന്നിയിലെ റെയില്‍വേയുടെ 110 ഏക്കര്‍ ഭൂമി വികസനത്തിനായി ഉപയോഗിക്കണം. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ആസ്ട്രോ ടര്‍ഫ്, കൊച്ചി നിയമസഭ ചേര്‍ന്ന ഗവ. ലോ കോളേജിലെ ഹാള്‍ പൈതൃക സ്വത്തായി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നീ വിഷയങ്ങള്‍ എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കൊച്ചിയുടെ വികസനത്തിനായി ഉന്നതതല യോഗം ചേരണമെന്ന് കെ. ബാബു എംഎല്‍എ ആവശ്യപ്പെട്ടു. കൊച്ചിയിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടി.ജെ. വിനോദ് എംഎല്‍എ ആവശ്യപ്പെട്ടു.
വിവിധ സംഘടനകളും ചര്‍ച്ചയില്‍ വികസന പ്രശ്നങ്ങള്‍ ഉന്നയിച്ചു. വൈറ്റില ജംക്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് റൗണ്ട് എബൗട്ട്, അണ്ടര്‍പാസ് തുടങ്ങിയ നിര്‍ദേശങ്ങള്‍ ആര്‍ക്കിടെക്റ്റ് അജിത് മുന്നോട്ടുവെച്ചു. കൊച്ചി ചേബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി എസ്.പി. കമ്മത്ത്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ടി.വി. രവി, കേരള മെര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കാര്ത്തികേയന്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് രഞ്ജിത്ത് വാര്യര്‍, റോട്ടറി ഇന്റര്‍നാഷണല്‍ പ്രതിനിധി രാംമോഹന്‍ നായര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് പ്രതിനിധി എന്‍. ബാലസുബ്രഹ്മണ്യന്, എഡ്രാക്കിന്റെ രംഗദാസപ്രഭു, പൊതുപ്രവര്ത്തകന് പി.എൻ സീനുലാല്‍, ക്രെഡായ് സിഇഒ സേതുനാഥ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി എ.എസ്. നൈസാം, സിഎസ്എംഎല്‍ സിഇഒ എസ്. ഷാനവാസ്, എഡിഎം എസ്. ഷാജഹാന്, ഡിസിപി ഐശ്വര്യ ഡോംഗ്രെ, കൊച്ചി കോര്പ്പറേഷന് പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.