വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം; ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയില്‍

മോഹൽലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രമായ ദൃശ്യം വീണ്ടും റീമേക്കിനൊരുങ്ങുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാള ചിത്രമാവും ഇതോടെ ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു.

പാപനാശം എന്ന പേരില്‍ തമിഴിലും ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രം ധര്‍മ്മയുദ്ധയ എന്ന പേരിലായിരുന്നു സിംഹള ഭാഷയിലെത്തിയത്. ചൈനീസ് ഭാഷയിൽ ചിത്രം പുറത്തിറങ്ങിയത് ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്ന പേരിലാണ്.

അതേസമയം, മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വന്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. പല ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ രണ്ടാംഭാഗമായതിനാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലുള്ള പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു ദൃശ്യം 2. രണ്ടാം ഭാ​ഗത്തിനും തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും റീമേക്കുകൾ ഒരുങ്ങുകയാണ്.