കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരന്റെ രോഗ ഉറവിടം ഇപ്പോഴും അജ്ഞാതം. ജന്തുജാലങ്ങളിൽ നിന്നാണോ അതോ ആരിൽ നിന്നെങ്കിലും പകർന്നതാണോ എന്നത് ഇപ്പോഴും ഉറപ്പിച്ച് പറയാൻ അധികൃതർക്കായിട്ടില്ല. ഇതിൽ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായകമാണ്.
ചാത്തമംഗലം സ്വദേശിയായ കുട്ടി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പാണ്. നിപയാണെന്ന് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരിക്കുകയും ചെയ്തു. വൈറസിന്റെ തീവ്രതയും ഉറവിടവും കണ്ടെത്തുകയെന്നത് ഇതിനാൽ തന്നെ വെല്ലുവിളിയാണ്.
സമ്പർക്കപട്ടികയടക്കം കൃത്യമാകണമെങ്കിൽ രോഗ ഉറവിടം കൂടി കണ്ടെത്തേണ്ടതായുണ്ട്. വിവിധ ആശുപത്രികളിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സമ്പർക്ക പട്ടിക ഇനിയും വലുതാകാനാണ് സാധ്യത. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോയെന്നും വവ്വാലിന്റെ സ്രവ സാമ്പിൾ പരിശോധിക്കേണ്ടതുണ്ടോയെന്നും പിന്നീട് തീരുമാനിക്കും
നിലവിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പൂനെ വൈറോളജി ലാബിൽ നിന്നെത്തുന്ന സംഘം ഇതിനായി മെഡിക്കൽ കോളജിൽ പ്രത്യേക ലാബ് സജ്ജീകരിക്കും.





