തിരുവനന്തപുരം: വിഖ്യാത കഥകളി നടനും സംസ്കൃത പണ്ഡിതനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(81) അന്തരിച്ചു. ചുവന്നതാടി, കലിവേഷങ്ങളിലൂടെ പ്രശസ്തനായ നെല്ലിയോട് ഗുരു പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പ്രിയപ്പെട്ട ശിഷ്യനുമായിരുന്നു. പൂജപ്പുര ചാടിയറയിലായിരുന്നു താമസം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹത്തിന് ഇന്നലെ രാത്രി അസ്വസ്ഥതയുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ദീര്‍ഘകാലം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ നടനാണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. ചുവന്നതാടി, വട്ടമുടി, പെണ്‍കരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തില്‍ സമാനതയില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരുന്നത്. കുചേല വേഷം ഇത്രയും താദാത്മ്യത്തോടെ അവതരിപ്പിച്ചിരുന്ന നടന്മാര് കഥകളി രംഗത്ത് മറ്റൊരാളില്ല.
കലാമണ്ഡലം കൃഷ്ണന്‍നായരുടെ ബാലിക്കൊപ്പം സുഗ്രീവന്, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കൃഷ്ണനൊപ്പം കുചേലന്, ഗുരു ചെങ്ങന്നൂരിന്റെ ഹിരണ്യകശിപുവിനൊപ്പം നരസിംഹം, ബാലിവിജയത്തില്‍ രാമന്‍കുട്ടിനായരുടെ രാവണനൊപ്പം ബാലി തുടങ്ങി നെല്ലിയോട് അണിചേരാത്ത അരങ്ങുകള്‍ കുറവാണ്. ചൈന ഒഴികെയുള്ള വിദേശരാജ്യങ്ങളില്‍ 35 തവണ അദ്ദേഹം കഥകളി അവതരിപ്പിക്കാന്‍ സഞ്ചരിച്ചിട്ടുണ്ട്.
1940 ഫെബ്രുവരി 5ന് വിഷ്ണുനമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലുമായി അഭ്യാസം പൂര്‍ത്തിയാക്കി. 1999-ല്‍ കലാമണ്ഡലം അവാര്‍ഡ്, 2000-ല്‍ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാര്‍ഡ്, 2001-ല്‍ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാര്‍ഡ്, 2014-ല്‍ കേരള സര്‍ക്കാരിന്റെ കഥകളിനടനുള്ള അവാര്‍ഡ്, 2017-ല്‍ എന്‍.സി.ഇ.ആര്.ടി.യുടെ പദ്മപ്രഭ പുരസ്കാരം, തുഞ്ചന്‍ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്കാരങ്ങള്‍ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങള്‍ നിരവധിയാണ്. മൃതദേഹം മുണ്ടൂരിലെ തരഴാട്ട് വീട്ടിലേക്ക കൊണ്ടുപോയി.