സംസ്ഥാനത്ത് പ്രളയ സെസ് പിൻവലിച്ചു. ഇതോടെ ആയിരത്തോളം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ന് മുതൽ വില കുറയും. കാറുകൾക്ക് നാലായിരം രൂപ മുതൽ കുറവുണ്ടാകും. വാഹനങ്ങളുടെ നികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും
കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിന് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. സെസ് ഒഴിവാകുന്നതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. ലാപ്‌ടോപ്പ്, മൊബൈൽഫോൺ തുടങ്ങിയവക്കും വില കുറയും
മൂന്നര ലക്ഷം രൂപയുടെ കാറിന് നാലായിരം രൂപയുടെ കുറവുണ്ടാകും. പത്ത് ലക്ഷം രൂപയുടെ കാറിന് പതിനായിരം രൂപ വരെ കുറവുണ്ടാകും. ഇൻഷുറൻസ്, ടെലിഫോൺ ബിൽ, ബാങ്കിംഗ് സേവനങ്ങൾ, മൊബൈൽ റീ ചാർജ് തുടങ്ങിയ ചിലവുകളിലും ആയിരം രൂപയിൽ കൂടിയ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വില കുറയും.
സ്വർണത്തിന്റെ വിലയിൽ 100 രൂപയോളം കുറവുണ്ടാകും. സ്വർണവിലക്കൊപ്പം ഇനി മുതൽ മൂന്ന് ശതമാനം ജി എസ് ടി മാത്രമാകും ഇനി ഈടാക്കുക.