സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ഓഫീസിലെത്തി. ഇന്ന് പുലർച്ചെ പൂജപ്പുരയിലെ വീട്ടിൽ നിന്നുമാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്. പത്തരയോടെ ഹാജാരാകാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരുന്നത്.
ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞാഴ്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വ്യക്തതക്കുറവ് കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യൽ
സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്നതാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ. അറസ്റ്റുണ്ടായാൽ സർക്കാരിന് കടുത്ത വെല്ലുവിളിയായിരിക്കും ഇതുയർത്തുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇപ്പോഴേ സമരത്തിലാണ്. ശിവശങ്കറിന് അറസ്റ്റ് വീഴുകയാണെങ്കിൽ ആവശ്യത്തിന് ശക്തിയേറുമെന്നത് ഉറപ്പാണ്.