നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി

 

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.

മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം.വിചാരണ നേരിടേണ്ടവര്‍ വി ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി.

നിയമനിര്‍മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി സുപ്രിംകോടതി ഒത്തുനോക്കി. ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി.

അംഗങ്ങള്‍ അവരുടെ സത്യവാചകത്തിനോട് നീതി പുലര്‍ത്തണം. എങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാകൂ. ക്രിമിനല്‍ നിയമത്തില്‍ നിന്നുള്ള ഒഴിവാകലിന് അല്ല നിയമപരിരക്ഷ നല്‍കുന്നത്. അങ്ങനെയെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയായി മാറും. നരസിംഹ റാവു കേസ് വിധി ഈ കേസില്‍ തെറ്റായി കോടതി ചൂണ്ടിക്കാണിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാ പരിധികള്‍ അംഗങ്ങള്‍ ലംഘിച്ചാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി.