കിടക്കയ്ക്കായി യാചിച്ചത് മൂന്നുമണിക്കൂര്‍; ആശുപത്രിക്ക് പുറത്ത് കാറിനുള്ളില്‍ കൊവിഡ് രോഗിയായ യുവതി മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ മനസ്സാക്ഷി മരവിക്കുന്ന കാഴ്ചകള്‍ തുടര്‍ക്കഥയാവുന്നു. വ്യാഴാഴ്ച നോഡിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍നിന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പുറത്തുവന്നത്. മൂന്നുമണിക്കൂര്‍ യാചിച്ചിട്ടും കിടക്ക ലഭിക്കാത്തതിനെത്തുടര്‍ന്ന് കൊവിഡ് രോഗിയായ യുവതി കാറിനുള്ളില്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്തയാണ് രാജ്യത്തിന്റെ നോവലായി മാറിയിരിക്കുന്നത്. കൊവിഡ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശ്വാസതടസ്സമുണ്ടായപ്പോഴാണ് നോയിഡയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ജാഗ്രിതി ഗുപ്തയെന്ന 35കാരി സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രിയായ ജിംസ് ആശുപത്രിയിലെത്തിയത്.

യുവതിയെ കൊണ്ടുവന്ന വീട്ടുടമസ്ഥന്‍ ആശുപത്രി അധികൃതരോട് കിടക്കയ്ക്കായി മൂന്നുമണിക്കൂറോളം അപേക്ഷിച്ചു. എന്നാല്‍, കിടക്ക ലഭ്യമല്ലെന്ന മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ആശുപത്രിക്ക് പുറത്ത് പാര്‍ക്കിങ് സ്ഥലത്ത് കാറില്‍ അവശയായി കിടക്കുകയായിരുന്നു യുവതി. ഉച്ച കഴിഞ്ഞ് മൂന്നരയോടെ യുവതിയുടെ നില കൂടുതല്‍ വഷളായി. ശ്വാസം കിട്ടാതെ പിടയുന്നതുകണ്ട് ആശുപത്രിയിലെ ജീവനക്കാരനും യുവതിക്കൊപ്പമെത്തിയ ആളും ഓടിച്ചെന്നെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.

ഗ്രേറ്റര്‍ നോയിഡയില്‍ എന്‍ജിനീയറായ യുവതിയുടെ ഭര്‍ത്താവും രണ്ട് മക്കളും മധ്യപ്രദേശിലാണ് താമസിക്കുന്നത്. ആശുപത്രിയില്‍നിന്ന് ജീവനക്കാരന്‍ ഓടിയെത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാതെയും കിടക്ക കിട്ടാതെയും മരണപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. അതേസമയം, സംസ്ഥാനത്ത് ഓക്‌സിജന്റെ കുറവുണ്ടെന്നും ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലെ പ്രാരംഭ പ്രശ്‌നങ്ങള്‍ വേഗത്തില്‍ മറികടന്നുവെന്നുമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം.

എന്നാല്‍, ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കിടക്കകള്‍ കിട്ടാതെ കൊവിഡ് രോഗികള്‍ റോഡില്‍ മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി പുറത്തുവരുന്നുണ്ട്. കിടക്കകളുടെയും ഓക്‌സിജന്റെയും അഭാവം മൂലം രോഗികളുമായി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. നോയിഡ അധികൃതര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ബെഡ് ട്രാക്കറില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയു കിടക്കകളും ഉള്‍പ്പെടെ 2,568 കിടക്കകളുണ്ട്. പക്ഷേ ഒന്നും ലഭ്യമല്ല. കിടക്കകളുടെ ലഭ്യത ആവശ്യപ്പെട്ട് എന്‍ഡിടിവി നോയിഡ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചപ്പോള്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും എവിടെയും കിടക്കകള്‍ ലഭ്യമല്ലെന്നാണ് റിപോര്‍ട്ടറോട് പറഞ്ഞത്.