പെട്രോൾ, ഡീസൽ വിലവർധനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കരുതലോടെ ഇടപെടേണ്ട വിഷയമാണിത്. ഏത് പാർട്ടി അധികാരത്തിലിരുന്നാലും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാർഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുകയും കൂട്ടുകയും ചെയ്തു. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്
കെ സി വേണുഗോപാൽ അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ ഇന്ധനവില എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നിരിക്കെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പെട്രോൾ വില നൂറ് രൂപയിലേക്ക് അടുത്തു കൊണ്ടിരിക്കെ നികുതി കുറയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നും വേണുഗോപാൽ ചോദിച്ചു
ഇപ്പോഴത്തെ അസംസ്കൃത എണ്ണ വില 61 ഡോളറാണെന്ന് ഇതിന് മറുപടിയായി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിലയിലെ മാറ്റവുമായി ഇവിടുത്തെ വിലക്ക് ഒത്തുപോകേണ്ടി വരും. കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസം മാത്രമാണ് വില വർധിച്ചതെന്നും മന്ത്രി പറഞ്ഞു. ഇടപെടേണ്ട സമയത്തൊക്കെ കേന്ദ്രം ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.