പള്‍സ് പോളിയൊ: തുള്ളിമരുന്ന് വിതരണം ഞായറാഴ്ച്ച

കോഴിക്കോട്: സംസ്ഥാനത്ത് പള്‍സ് പോളിയൊ വിതരണം ഞായറാഴ്ച്ച നടക്കും. അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയൊ തുള്ളിമരുന്ന് നല്‍കണം. സംസ്ഥാനത്തൊട്ടാകെ 24,49, 222 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കാനുള്ളത്. ഇതിനായി സംസ്ഥാനത്ത് 24,690 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും മരുന്ന് വിതരണം.

വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ പോളിയോ വിതരണത്തിന് തുടക്കം കുറിക്കും. അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അരോഗ്യ കേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബൂത്തുകള്‍ സജ്ജമാക്കും. കൊവിഡ് ബാധിതരോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കില്‍ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.