സോളാർ കേസ് സർക്കാർ സിബിഐക്ക് വിട്ടത് നിയമോപദേശം ലഭിച്ച ശേഷം

കോൺഗ്രസ് നേതാക്കൾ പ്രതികളായ സോളാർ കേസ് സർക്കാർ സിബിഐക്ക് വിട്ടത് ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരം. നിയമവകുപ്പും സിബിഐ അന്വേഷണത്തെ പിന്തുണക്കുകയായിരുന്നു. സോളാർ തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ നൽകിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.

ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസിലെ ഏറ്റവും ഉന്നതരായ നേതാക്കൾക്കെതിരെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടിക്കെതിരെയുമാണ് കേസുള്ളത്. കേരളാ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ സാധിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേസ് ജനവിധി നിർണയിക്കുന്നതിലും നിർണായകമായേക്കും

പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളാണ് സിബിഐക്ക് വിട്ടത്.