അഭിമാനത്തോടെ കേരളം: കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീൽ മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഏറെ വെല്ലുവിളികൾ തരണം ചെയ്താണ് സംസ്ഥാനത്ത് പൈപ്പ് ലൈൻ പണികൾ പൂർത്തികരിച്ചത്.

എൽപിജി ഉത്പാദനം, വിപണനം, എൽഎൻജി റീഗ്യാസിഫിക്കേഷൻ, പെട്രോകെമിക്കൽസ്, സിറ്റി ഗ്യാസ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റർ പൈപ്പ് ലൈനിന്റെ നിർമാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തിൽ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.

കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽഎൻജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്.