കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സ്പർശിക്കാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാം: മാർഗ്ഗ നിർദേശങ്ങൾ ഇങ്ങനെ

 

തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ ദിനം പ്രതി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്.

 

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും.

 

പ്രതീകാത്മകമായ രീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അനുവദിക്കും. മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മൃതദേഹം കാണാന്‍ അനുവദിക്കും. മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും.