മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം.
86000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. 42000 പേർ കാത്തിരിപ്പ് പട്ടികയിലുമുണ്ട്. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം. നിലയ്ക്കൽ ഭക്തരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയവർക്ക് നിലയ്ക്കലിലെ പരിശോധന കൂടാതെ സന്നിദാനത്തേക്ക് പ്രവേശിക്കാം . അനുവദിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് ഭക്തർ നിലയ്ക്കലെത്തണം.
പമ്പയിൽ കുളി, കാനന പാത വഴിയുള്ള യാത്ര, നെയ്അഭിഷേകം, എന്നിവ ഇത്തവണയില്ല. കൂടാതെ സന്നിധാനത്ത് ഭക്തർക്ക് വിരി വയ്ക്കാൻ അനുവാദമില്ല. ഭക്തർക്കായി പമ്പയിൽ പ്രത്യേകം ഷവർ ക്രമീകരിച്ചിട്ടുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും.