തിരുവനന്തപുരം ∙ ടി.ഐ.മധുസൂദനന്റെ വിവാദ കൊലവിളിപ്രസംഗം നടന്നത്, ഇത്തരം പ്രകോപനങ്ങൾ അരുതെന്ന നിർദേശമടങ്ങുന്ന മാർഗരേഖ സിപിഎം താഴെത്തട്ടിൽ റിപ്പോർട്ട് ചെയ്യുന്ന അതേസമയത്ത്. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ താഴെത്തട്ടിൽ ഇതു റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെട്ടവരിൽ ഒരാളാണ് മധുസൂദനനും. പാർട്ടിയെ പ്രതിരോധത്തിലാക്കുകയും സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ തള്ളിപ്പറയുകയും ചെയ്ത വിവാദപ്രസംഗത്തിന്റെ പേരിൽ അച്ചടക്കനടപടി വേണോയെന്ന കാര്യം സിപിഎം ചർച്ചചെയ്യും.
നിയമസഭാതിരഞ്ഞെടുപ്പിലെ വൻ തിരിച്ചടി വിലയിരുത്തിയ കോഴിക്കോട്ടെ വിശാല സംസ്ഥാനകമ്മിറ്റിയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തിരുത്തൽ മാർഗരേഖ പാർട്ടി തയാറാക്കിയത്. പാർട്ടിയോട് അഭിപ്രായവ്യത്യാസമുള്ളവരെ കായികമായി നേരിടുന്ന രീതി ഇതിൽ കർശനമായി വിലക്കി. ‘ചിലയിടങ്ങളിലെങ്കിലും പാർട്ടിയോട് യോജിപ്പില്ലാത്തവർക്കു നേരെ ശാരീരികമായ ആക്രമണം സഖാക്കളിൽ നിന്ന് ഉണ്ടാകുന്നു. ഇത്തരത്തിലുള്ള സംഘർഷങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു കാരണവശാലും പാർട്ടിയുടെ ഭാഗത്തുനിന്ന് ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും തുടക്കം ഉണ്ടായിക്കൂടാ’ എന്നാണ് സംസ്ഥാനകമ്മിറ്റി നൽകിയ ആഹ്വാനം.
ഈ മാർഗരേഖയുടെ റിപ്പോർട്ടിങ് ഇനിയും പൂർത്തിയാകാത്ത ജില്ലകളുണ്ട്. അതിനിടയിലാണ് ‘കണക്കുപറഞ്ഞുതന്നെ തീർക്കും’ എന്ന പ്രകോപനപരമായ പരാമർശം മധുസൂദനനിൽ നിന്നുണ്ടായത്. ‘പാർട്ടിനയങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള പൊതുപ്രതികരണങ്ങളേ പാടുള്ളൂ’ എന്ന മാർഗരേഖയിലെ മറ്റൊരു നിർദേശവും ഫലത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലംഘിച്ചു. നയം വിട്ടുള്ള പ്രതികരണങ്ങളും വാവിട്ട വാക്കും നിയമസഭാതിരഞ്ഞെടുപ്പിലെ തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായി സംസ്ഥാനകമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
‘നേതൃനിരയിലുള്ള സഖാക്കളുടെ ചില പ്രസ്താവനകൾക്കെതിരെ വലിയ വിമർശനമുണ്ടായ സാഹചര്യത്തിൽ ജാഗ്രതവേണമെന്നു സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടും അതു പാലിക്കാതിരുന്നത് തിരഞ്ഞെടുപ്പുഘട്ടത്തിൽ തിരിച്ചടിയായി മാറി’ എന്നാണ് ആറുമാസം മുൻപ് പാർട്ടി ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിൽ തിരുത്തലിനുള്ള മാർഗരേഖ തയാറാക്കി അതു റിപ്പോർട്ട് ചെയ്യുമ്പോഴാണ് ആ പരിശ്രമത്തിന്റെയും അന്തഃസത്ത ലംഘിച്ചുള്ള പ്രതികരണമുണ്ടായത്. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിശോധിച്ചേക്കും. കഴിഞ്ഞദിവസം നടന്ന കണ്ണൂർ ജില്ലാനേതൃയോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിവാദ പ്രസ്താവനയോട് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.









