Headlines

അവര്‍ ഇവിഎമ്മുകളെ വരുതിയിലാക്കി, വോട്ടെടുപ്പ് പ്രക്രിയ കൈപ്പിടിയിലൊതുക്കി, ഇനി ഇനി വേണ്ടത് മുഴുവന്‍ മണ്ഡലഘടനയും തകര്‍ക്കുക എന്നത് ; രാഹുല്‍ ഗാന്ധി

ഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ള പുറത്തായപ്പോള്‍ ബിജെപി പുതുവഴി തേടുന്നുവെന്നാണ് വിമര്‍ശനം. ബില്ലിലൂടെ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. കേന്ദ്രത്തെ എതിര്‍ക്കുന്നവരുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് ശ്രമം. ഡിലിമിറ്റേഷന്‍ കമ്മീഷനിലെ അംഗങ്ങള്‍ കേന്ദ്രത്തിന് നിര്‍ണയിക്കാന്‍ കഴിയുന്നവരാണെന്നും, 850 എന്ന നമ്പര്‍ ജനാധിപത്യത്തെ വധിക്കാനുള്ളത് എന്ന് രാജ്യത്തെ ജെന്‍സികള്‍ ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ ബിജെപി കൃത്രിമം കാണിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷം ഇവരുടെ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ, പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭരണകക്ഷി പുതിയ വഴികള്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നടത്തിയ സര്‍വേ പ്രകാരം 80 ശതമാനം ഇന്ത്യക്കാരും ജെന്‍സി വിഭാഗത്തില്‍പ്പെട്ടവരില്‍ 100 ശതമാനവും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നതായി ഗാന്ധി അവകാശപ്പെട്ടു.

അവര്‍ ഇവിഎമ്മുകളെ വരുതിയിലാക്കിയിരിക്കുന്നു. വോട്ടെടുപ്പ് പ്രക്രിയയെത്തന്നെ അവര്‍ കൈപ്പിടിയിലൊതുക്കി. ഇപ്പോള്‍ അവര്‍ മണ്ഡല ഘടനയെത്തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ രാജ്യത്തെ ഒരു ഏകാധിപത്യ ഭരണകൂടമാക്കി മാറ്റാന്‍ ബിജെപിയെ ഞങ്ങള്‍ അനുവദിക്കില്ല. അത് സംഭവിക്കാന്‍ പോകുന്നില്ല – അദ്ദേഹം പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിലൂടെ ജാതി സെന്‍സസിനെ തഴയാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജാതി സെന്‍സസ് മാറ്റിവച്ചു, 2027 ലെ സെന്‍സസ് അപ്രസക്തമാക്കി – അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ കുറിച്ചും രാഹുല്‍ സംസാരിച്ചു. നമുക്ക് ഒപ്പം ചിലര്‍ ഒപ്പം നില്‍ക്കുന്നില്ല. സംസ്ഥാന വിഹിതത്തെ കുറിച്ചുള്ള വിഷയം മാത്രമല്ല. പേടിക്കാത്തവരെയാണ് എനിക്ക് ആവശ്യം. ജെന്‍സി ആരെയും പേടിക്കുന്നില്ല. ദേശസ്‌നേഹമുണ്ട് അവര്‍ക്ക്. അവരില്‍ എനിക് വിശ്വാസമുണ്ട്. മോദിക്കും അമിത് ഷാക്കും. എതിരെ നില്‍ക്കുന്നു. പേടിക്കാതെ ഭയക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നു – അദ്ദേഹം പറഞ്ഞു.

എല്ലാവരും രാജ്യത്തെ കുറിച്ച് ചിന്തിക്കണമെന്നും അത് പ്രതിപക്ഷത്തു ഉള്ളവര്‍ മാത്രമല്ല, ഭരണപക്ഷത്ത് ഉള്ളവരും ആലോചിക്കണമെന്നും ഡിഎംകെ നിലപാടിനെ കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഒടുവില്‍ നമ്മള്‍ വിജയിക്കും. ടിഡിപിയും രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആലോചിക്കണം. എന്‍ഡിഎ ഘടകകക്ഷികളും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.