തിരുവനന്തപുരം:കെ.പി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. ആരെ അധ്യക്ഷനാക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പുതിയ പ്രസിഡന്റ് അനിവാര്യം തന്നെയാണെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തണമെങ്കിൽ പാർട്ടി ശക്തമാകണമെന്നും അതിന് പ്രസിഡന്റ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് വിവരമെന്ന് മുരളീധരൻ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചകൾ കണ്ടെത്തിയിട്ടില്ലെങ്കിലും വിഷയത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടത്തും. മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് സർക്കാർ സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം, 36 മണിക്കൂർ മൃതദേഹം കിടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല പുനർനിർണയ ബില്ലിൽ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് എല്ലാ എം.പി.മാരും സഭയിൽ ഉണ്ടായിരിക്കണമെന്നും ബില്ലിനെ ശക്തമായി എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഇന്ത്യാ സഖ്യത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും തീരുമാനമാണ്. ഒരു എം.പി.യും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിശ്വാസമെന്നും, വോട്ടെടുപ്പിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ടല്ലോ എന്നും മുരളീധരൻ ചോദിച്ചു.






