ഇടുക്കി: ചിന്നക്കനാലിലെ ചക്കക്കൊമ്പന് കാട്ടാനയെ മയക്കുവെടി വച്ചു. ആന പൂര്‍ണമായി മയങ്ങിയോ എന്ന് വനംവകുപ്പിന് ഉറപ്പിക്കാനായിട്ടില്ല. 50 മീറ്റര്‍ അകലെ തന്നെയാണ് ദൗത്യസംഘം നിലയുറപ്പിച്ചിരിക്കുന്നത്. കുങ്കിയാനകള്‍ പുറപ്പെട്ടു. ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആനയിറങ്കല്‍ ഡാമിന് സമീപത്താണ് ഇപ്പോള്‍ ചക്കക്കൊമ്പനുള്ളത്. ദൗത്യസംഘം പടക്കംപൊട്ടിച്ച് ആന ഡാമില്‍ ഇറങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. (idukki mission chakkakomban updates)
ദൗത്യത്തിന്റെ ആദ്യ ദിവസം (നവംബര്‍ 25) ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂര്‍ണ്ണമായി മയങ്ങിയിരുന്നില്ല. തുടര്‍ന്ന് പ്രയോഗിച്ച ബൂസ്റ്റര്‍ ഡോസ് ആനയുടെ ശരീരത്തില്‍ കൃത്യമായി ഏല്ക്കാതെ പോവുകയും, കനത്ത മഴയും കോടമഞ്ഞും കാരണം അന്നത്തെ ദൗത്യം താല്‍ക്കാലികമായി ഉപേക്ഷിക്കുകയുമായിരുന്നു.നവംബര്‍ 26-ന് രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാന്‍ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വെടിവെക്കാനായില്ല.
നവംബര്‍ 27-ന് ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആന ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങിയതും, ഒപ്പം പിടിയാനയും കുഞ്ഞും എത്തിയതും ദൗത്യസംഘത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന സംഘത്തിന്റെയും സഹായത്തോടെയാണ് ദൗത്യം നടക്കുന്നത്.









