അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഉൾപ്പെടെ മൂന്ന് സുപ്രധാന ഏജൻസികൾക്ക് നേരെ വൻ സൈബർ ആക്രമണം. ‘ആർടെക്സ് ‘ എന്ന എഐ ഹാക്കിങ് ടൂൾ ഉപയോഗിച്ചാണ് ഹാക്കേഴ്സ് ഏജൻസികളുടെ കമ്പ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞുകയറിയത്. സൈബർ ആക്രമണത്തിന് പിന്നിൽ ചൈനയാണ് എന്നാണ് സൂചന. സൈബർ പ്രതിരോധത്തിനായി ജൂലൈയിൽ പുറത്തിറക്കിയ ടൂൾ ദുരുപയോഗം ചെയ്താണ് ഹാക്കർമാർ നുഴഞ്ഞുകയറ്റം നടത്തിയതെന്നാണ് വിവരം.
ഇന്റർനെറ്റ്, വാണിജ്യ ഡാറ്റാബേസുകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന, ‘ഓപ്പൺ-സോഴ്സ് ഇന്റലിജൻസി’നായി ഉപയോഗിക്കുന്ന ഒരു സംവിധാനത്തിലാണ് ഈ സുരക്ഷാ ലംഘനം ഉണ്ടായത്. ഏതെല്ലാം വിവരങ്ങളാണ് ചോർന്നതെന്ന് ഉടൻ വ്യക്തമായില്ലെങ്കിലും, മറ്റ് സർക്കാർ ഏജൻസികളിലെ വിവരങ്ങളും പുറത്തായിട്ടുണ്ടാകാമെന്ന് കരുതുന്നതായാണ് റിപ്പോർട്ട്.
ഒരു ചൈനീസ് എൻജിനീയർ ഈ വർഷം ആദ്യം പുറത്തിറക്കിയ ഈ ടൂൾ, ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഉപയോഗിക്കപ്പെട്ടതായി സൈബർ സുരക്ഷാ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സൈബർ പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘടനകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തതെങ്കിലും, സൈബർ ആക്രമണങ്ങൾ നടത്താനായി ദുരുദ്ദേശ്യമുള്ള ഹാക്കർമാർ ഇതിനെ മാറ്റിയെടുത്തിരിക്കുകയാണെന്ന് യു.എസ്. ഉദ്യോഗസ്ഥരും സുരക്ഷാ വിദഗ്ധരും പറയുന്നു.









