കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്ത്തകന് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. 20 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം കാരണം ധനരാജിനെ വെട്ടിക്കൊന്ന കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. വിധി സിപിഐഎമ്മിനും ബിജെപിക്കും നിര്‍ണായകമാണ്. ( cv dhanaraj murder case verdict today)
2016 ജൂലൈ 11ന് രാത്രി ആയിരുന്നു അരുംകൊല. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ സി.വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു അക്രമികള്‍. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്മുന്നില് വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടതിന് ശേഷം അവശേഷിക്കുന്നത് 19 പ്രതികളാണ്. രാമന്തളിയിലെ ടി.പി ബിജു, എം വിപിന്‍, എം വൈശാഖ്, സി സുകേഷ്, കെ.വി പ്രജിത്ത് ലാല്‍, കെ. അനൂപ്, പണ്ടാരവളപ്പില്‍ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവന്, മധു, തിരുവനന്തപുരം നെയ്യാറിലെ എസ് ആര് രാജേഷ്, മനിയേരി തമ്പാന് , രമേശന്, എ പി നിജേഷ്, ലിജിന്‍ എന്നിവരാണ് പ്രതികള്‍. രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങള്‍. ആറാം പ്രതി കെ അനൂപ്, പത്താം പ്രതി മനൂപ് എന്നവരും ഒമ്പതാം പ്രതി പി രാജേഷ് കുമാര്‍, 18ആം പ്രതി രമേശന് എന്നിവരും സഹോദരങ്ങളാണ്.43 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ സാക്ഷിപ്പട്ടികയിലെ മൂന്ന് പേര് വിചാരണക്ക് കോടതിയിലെത്തിയില്ല. അഞ്ചാം സാക്ഷി ഷിബിന്‍ പിന്നീട് സഹോദരങ്ങളായ അനൂപ്, മനൂപ് എന്നിവരുടെ ബന്ധുവിനെ വിവാഹം ചെയ്തതു കാരണമാണ് കോടതിയിലെത്താതിരുന്നത്. മറ്റു രണ്ടു സാക്ഷികളായ ഉണ്ണികൃഷ്ണനും അഖിലും വിദേശത്തായതിനാല്‍ വന്നില്ല.
127 രേഖകളും വാഹനങ്ങള്‍ ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയിട്ടുണ്ട്. കക്കന്‍പാറ മുത്തപ്പന് ക്ഷേത്രത്തിനടുത്തുള്ള പാറയിലും കൊല നടന്ന ദിവസം ആര്‍എസ്എസ് പ്രവര്ത്തകന് കുഞ്ഞികൃഷ്ണന്റെ ഗൃഹപ്രവേശന ചടങ്ങിലും വെച്ച് ഗൂഢാലോചന നടത്തിയാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത് എന്നാണ് പ്രോസിക്യൂഷന് വാദം. ഗൂഢാലോചനയിലാണ് തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവ് എസ് ആര് രാജേഷും പങ്കെടുത്തതെന്ന് പ്രോസിക്യൂഷന് വാദിക്കുന്നു.പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന നിലയിലായിരുന്നു അന്ന് പയ്യന്നൂരിലെ സംഘര്‍ഷം. ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ സിപിഎമ്മുകാര്‍ ബിജെപി പ്രവര്ത്തകന് സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തി. ധനരാജ് കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജുവും കൊല്ലപ്പെട്ടത്.









