Headlines

ഇന്ത്യന്‍ സൈനിക യൂണിറ്റുകള്‍ ചൈനീസ് ഡ്രോണ്‍ ഭാഗങ്ങള്‍ വാങ്ങുന്നത് സുരക്ഷയ്ക്ക് ഭീഷണി; പ്രതിരോധ മന്ത്രാലയത്തിന് കത്തയച്ച് ഡ്രോണ്‍ ഫെഡറേഷന്‍

ഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ വിവിധ യൂണിറ്റുകള്‍ ചൈനീസ് ഡ്രോണ്‍ ഭാഗങ്ങള്‍ വാങ്ങുന്നതായി ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അയച്ച നിവേദനത്തില്‍ പരാമര്‍ശം. ഡ്രോണ്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഇത്തരം ചൈനീസ് ഘടകങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിന് അയച്ച നിവേദനത്തില്‍ ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2021 മുതല്‍ 2026 വരെ 580 ടെന്‍ഡറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ചൈനീസ് ഉല്‍പന്നങ്ങള്‍ ഒഴിവാക്കാന്‍ സൈനിക യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. (Indian Army units sourcing Chinese drone components, industry tells Defence Ministry)

ഇന്ത്യന്‍ നിര്‍മിത ഡ്രോണ്‍ ഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. ഡ്രോണ്‍ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിച്ച രാജ്യം ലേബലില്‍ വ്യക്തമാക്കണമെന്നും കത്തിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. 550ല്‍പ്പരം കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച ഫെഡറേഷനാണ് ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യന്‍ ആര്‍മിക്ക് പുറമെ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് 45 ടെന്‍ഡറുകളും നല്‍കപ്പെട്ടതായാണ് ഫെഡറേഷന്‍ കത്തിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മോട്ടോറുകള്‍, ഫ്‌ലൈറ്റ് കണ്‍ട്രോളറുകള്‍, ഇഎസ്‌സി സ്റ്റാക്കുകള്‍, റിസീവറുകള്‍, ക്യാമറകള്‍, വീഡിയോ ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നാണ് ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇവ കേവലം ഡ്രോണുകളുടെ പെരിഫറല്‍ ആക്‌സസീറ് അല്ലെന്നും ഡ്രോണുകളുടെ സഞ്ചാരത്തേയും ഡാറ്റാകൈമാറ്റത്തേയും വരെ നിയന്ത്രിക്കാന്‍ സാധിക്കുന്ന പ്രധാന ഭാഗങ്ങളാണെന്നുമാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.