Headlines

‘ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ മര്യാദയ്ക്ക് പെരുമാറണം; തർക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുത്’: കോടതി

കൊച്ചി∙ ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോടു ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി. ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തുനിന്നു ഭക്തർക്കു നേരിടേണ്ടിവന്ന ഉപദ്രവവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം.

ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടിപ്പിക്കരുതെന്നും സമചിത്തതയോടെ പെരുമാറണമെന്നും കോടതി നിർദേശിച്ചു. എന്തു പ്രകോപനമുണ്ടായാലും തർക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുത്. നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്നും നടപ്പിലാക്കുമെന്നും ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഹർജി തീർപ്പാക്കി.

∙ നാളെ ഗുരുവായൂർ ഏകാദശി
നാളെ ഗുരുവായൂർ ഏകാദശി. സ്വർണശ്രീലക വാതിൽ തുറന്നിട്ട് കണ്ണൻ ഭക്തർക്കായി കാത്തിരിപ്പാണ്. ഇന്നു പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട നാളെ ഏകാദശിയും കഴിഞ്ഞ് മറ്റന്നാൾ (22 ന്) രാവിലെ 8 ന് മാത്രമേ അടയ്ക്കുകയുള്ളു. ഭക്തർക്ക് രാപകൽ ദർശനം നടത്താം. നാളെ രാവിലെ ശീവേലിക്കു ശേഷം ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ ചടങ്ങുകൾ ആരംഭിക്കും.

ADVERTISEMENT

Go AD-FREE
ഏകാദശി ദിവസം ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിയില്ല. രാത്രി വിളക്കെഴുന്നള്ളിപ്പ് അർധരാത്രിയോടെ ആരംഭിക്കും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നാളെ രാത്രി 10 ന് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ പാടി സമർപ്പിക്കുന്നതോടെ സമാപിക്കും. നാളെ അർധരാത്രിയോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം ആരംഭിക്കും. അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ വ്രതം അവസാനിപ്പിക്കും. 22 ന് രാവിലെ 7 മുതൽ അന്നലക്ഷ്മി ഹാളിൽ 12,000 പേർക്ക് ദ്വാദശിയൂട്ട് നൽകുന്നതോടെ ഏകാദശി ആഘോഷങ്ങൾക്ക് സമാപനമാകും.