Headlines

അരിയിൽ ഷുക്കൂർ വധക്കേസ് ലീ​ഗും കോൺ​ഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥ, കുറ്റക്കാരെന്ന് കണ്ടെത്തിയവരും പാർട്ടിയുടെ കേഡർമാർ; അവർക്കൊപ്പമുണ്ടാകുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ​ഗോവിന്ദൻ. രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നു. കോൺഗ്രസും ലീഗും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകി. ആവശ്യമായ രീതിയിലുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും. അരിയിൽ ഷുക്കൂർ വധക്കേസിൽ ഇരുവരെയും വെറുതേവിട്ട പ്രത്യേക സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലീ​ഗും കോൺ​ഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥയായിരുന്നു സിപിഐഎം നേതാക്കളെ പ്രതിചേർത്തത്. കേസിൽ കുറ്റക്കാരെന്ന് നിലവിൽ കണ്ടെത്തിയ 13 പേരും തുടർനിയമനടപടി സ്വീകരിക്കും. പാർട്ടി ഒപ്പമുണ്ടാകും. അവർ പാർട്ടിയുടെ പ്രധാന കേഡർമാരാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പത്മജ വേണു​ഗോപാൽ ബിജെപി വിട്ട സംഭവം കോൺ​ഗ്രസിന്റെയും ബിജെപിയുടെയും ആഭ്യന്തരപ്രശ്നമാണെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ യുഡിഎഫ് ബിജെപിക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്. ഇരുമുന്നണികളും തമ്മിൽ നൂൽവ്യത്യാസം പോലുമില്ല. അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.