ടെഹ്റാന്: ഇറാനില്‍ വീണ്ടും സ്ഫോടനം. ഹോര്‍മുസ് കടലിടുക്കിലെ ഖേഷം ദ്വീപിലാണ് സ്ഫോടനം നടന്നത്. ഖേഷം നഗരത്തിന്റെ വടക്കുപടിഞ്ഞാറ് നിരവധി സ്ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച ഖേഷം ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം ഖേഷം ദ്വീപില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ബഹ്റൈനിലേക്ക് കഴിഞ്ഞ ദിവസം ഇറാന് പ്രത്യാക്രമണം നടത്തിയത്. അതേസമയം, ഖേഷം ദ്വീപ് ആക്രമിച്ചത് അമേരിക്കന്‍ സൈന്യമെന്ന് ആരോപിച്ച് ഇറാന് അധികൃതര്‍ രംഗത്തെത്തി.
യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ‘വിനാശകരമായ’ തിരിച്ചടി നല്‍കുമെന്ന് ഐആര്‍ജിസി ഇന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐആര്‍ജിസി മേധാവി മേജര്‍ ജനറല്‍ അഹമ്മദ് വാഹിദിയുടേതാണ് മുന്നറിയിപ്പ്. അമേരിക്ക മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇറാന്റെ ഭീഷണി ഭയന്ന് ആരും അമേരിക്കയെ സഹായിക്കാന്‍ എത്തുന്നില്ല. ധാര്‍ഷ്ട്യത്തിന് ഇറാന്റെ സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചു – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കയില്‍ ആക്രമണം നടത്താന്‍ ഇറാന് പദ്ധതിയിട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. ഒരു രാജ്യവും നല്‍കാത്ത കനത്ത വില ഇറാന് നല്‍കേണ്ടിവരും. സംഭവത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും ട്രംപ് പറഞ്ഞു. യുഎസ് തലസ്ഥാനമായ വാഷ്ടങ്ടണ് ഡിസിയില്‍ ഇറാന് ഡേര്‍ട്ടി ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.അതേസമയം, ആക്രമണ പദ്ധതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇറാന് നിഷേധിച്ചു. രാസായുധ ആക്രമണം നടത്താന്‍ ഇറാന് പദ്ധതിയില്ലെന്നും വാര്‍ത്ത അടിസ്ഥാന രഹിതമെന്നും ഇറാന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.









