മുംബൈ ∙ പൻവേലിനടുത്തു ഖൊപ്പോളിയിൽ തനിച്ചു താമസിച്ചിരുന്ന ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രന്റെ (71) മരണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട, രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണു മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണു മക്കൾ. മൂന്നു മക്കളും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. മക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോൾ രണ്ടാം നിലയിലെ ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. പൊലീസ് പരിശോധിച്ചപ്പോൾ ഫോൺ ലൊക്കേഷൻ വീട്ടിലാണ് കാണിച്ചത്. പൂട്ട് തുറന്ന് അകത്തു കയറിയപ്പോൾ കിടപ്പു മുറിയിൽ നിലത്ത് കിടക്കുകയായിരുന്നു മൃതദേഹം.
മലയാളികൾ ഉള്ള പ്രദേശമാണെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ‘കൊലപാതകത്തിനു പിന്നിൽ അറിയാവുന്ന ആളാകാമെന്നാണ് പൊലീസ് പറയുന്നത്. മറ്റ് തരത്തിലുള്ള ആക്രമണം നടന്നിട്ടില്ല. ശരീരത്തിലുള്ള സ്വർണം നഷ്ടമായി’–അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കൾ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം ഇന്നു നടക്കും.








