BLM സാമ്പത്തിക തിരിമറി കേസിൽ സ്ഥാപക ചെയർമാൻ ആർ പ്രേം കുമാറിന്റെ അറസ്റ്റ് ചെയ്യാൻ അനുമതി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയാണ് ക്രൈം ബ്രാഞ്ച് അപേക്ഷ അംഗീകരിച്ചത്. അറസ്റ്റോ ചോദ്യം ചെയ്യലിനോ മുൻകൂർ നോട്ടീസ് നൽകണമെന്ന വിധി ഈ കേസിൽ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തത വരുത്തിയതിന് പിന്നാലെയാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് കണ്ടെത്തി കഴിഞ്ഞ 29 ന് കോടതി പ്രേം കുമാറിനെ വിട്ടയച്ചിരുന്നു. തുടർന്നാണ് ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റിന് കോടതി അനുമതി തേടി അപേക്ഷ നൽകിയത്.ഈ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരാതിയ്ക്ക് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി ഈ കേസിൽ വ്യക്തമാക്കിയിരുന്നു. കോതമംഗലത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പടെ അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു എന്നാൽ ആ ഉത്തരവ് നടക്കാവിൽ രജിസ്റ്റർ ചെയ്ത കേസിൽ ബാധകമല്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
പ്രതിയായ പ്രേംകുമാർ രാജ്യം വിട്ടോ എന്നടക്കമുള്ള സംശയങ്ങളിലാണ് ക്രൈംബ്രാഞ്ച് ഇപ്പോഴുള്ളത്. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.









