Headlines

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം; ഉത്തരവുമായി തിര. കമ്മീഷന്‍

ഡല്‍ഹി: പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകമാണെന്ന ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ തസ്തികകളില്‍ പുനര്‍നിയമിക്കപ്പെട്ടവര്‍ക്കാണ് നിയന്ത്രണങ്ങള്‍ ബാധകമാവുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. (ECI extends model code restrictions to retired Govt officials engaged by States)

ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പുനര്‍നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ നിഷ്പക്ഷത കര്‍ശനമായി പാലിക്കണമെന്നും ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രചാരണ പരിപാടികളിലും വോട്ടഭ്യര്‍ഥനകളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകരുതെന്നുമാണ് നിര്‍ദേശം.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതികള്‍ ജനുവരി ആദ്യ പകുതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് സംസ്ഥാനങ്ങളിലും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും തിരഞ്ഞടുപ്പിനുള്ള തീയതികള്‍ തീരുമാനിക്കുക. നവംബര്‍ അവസാനത്തോടെ ഈ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തര്‍ പ്രദേശില്‍ ഉള്‍പ്പെടെ എത്ര ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തണമെന്നത് അടക്കമുള്ള തീരുമാനങ്ങള്‍ നവംബറിന് ശേഷമാകുമെടുക്കുക.